• 03 Feb 2023
  • 11: 07 PM
Latest News arrow

'ഭൂമിയുടെ ശ്വാസകോശ'ത്തിന് തീപ്പിടിക്കുമ്പോൾ...

ബ്രസീൽ: ഭൂമിയിലെ ഏറ്റവും ജൈവസമ്പന്നമായ മേഖലയാണ് ആമസോൺ മഴക്കാടുകൾ. 55 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വനമേഖലയുടെ 60 ശതമാനവും ബ്രസീലിലാണ്. ലോകത്ത് പ്രകൃതി ഉൽപ്പാദിപ്പിക്കുന്ന ഓക്സിജനിൽ  20 ശതമാനവും നൽകുന്ന ആമസോൺ കാടുകൾ 'ഭൂമിയുടെ ശ്വാസകോശ'മെന്നാണ്  അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളാണിത്. എന്നാൽ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധത്തിൽ ആമസോൺ മഴക്കാടുകളിൽ കാട്ടുതീ ആളിപ്പടർന്ന്  കത്തിച്ചാമ്പലാവുകയാണ്.

മിക്ക വർഷങ്ങളിലും കാട്ടുതീ പടരുമെങ്കിലും കഴിഞ്ഞ വർഷത്തേക്കാൾ 80 ശതമാനം ഇടങ്ങളിലേക്ക് ഇത്തവണ തീ വ്യാപിച്ചു. അസാധാരണമായ തീപ്പിടിത്തം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ബ്രസീൽ ബഹിരാകാശ ഗവേഷണ കേന്ദ്രമായ 'ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് റിസർച്ച്' (ഐഎൻപിഇ ) പുറത്തുവിട്ടു.

ബ്രസീലിന്റെ വടക്കൻ സംസ്ഥാനമായ റോറൈമ പുകയിൽമൂടി നിൽക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബ്രസീലിൽ സാവോപോളോയടക്കമുള്ള നഗരങ്ങളിൽ ഇപ്പോൾ നട്ടുച്ചയ്ക്കുപോലും രാത്രിയുടെ പ്രതീതിയാണെന്നും കറുത്ത പുകപടലങ്ങൾ നിറഞ്ഞ് ആകാശത്ത് നിന്ന് പെയ്യുന്ന മഴയ്ക്ക് കറുത്ത നിറമാണെന്നും ആളുകൾ പറയുന്നു.

ഈ വർഷം ഇതുവരെ 72,000 കാട്ടുതീകളാണു ബ്രസീലിൽ രേഖപ്പെടുത്തിയത്. ഇതേ കാലയളവിൽ കഴിഞ്ഞ വർഷമുണ്ടായിരുന്നതിനേക്കാള്‍ 84% വർധന. അതിൽ പകുതിയിലേറെയും ആമസോൺ കാടുകളിലാണ്. കഴിഞ്ഞ ഒരാഴ്ചയിൽ മാത്രമുണ്ടായത് 9,500ലേറെ കാട്ടുതീയാണ്. ബ്രസീലിൽ ഉണ്ടായ കാട്ടുതീകളിൽ 99 ശതമാനവും മനുഷ്യനിർമ്മിതമാണെന്നാണ് ഐഎൻപിഇയിലെ ശാസ്ത്രജ്‍ഞൻ ആൽബർട്ടോ സെറ്റ്സർ പറയുന്നത്. കൃഷിഭൂമി ഒരുക്കാൻ ചെറിയ ഭാഗങ്ങൾക്കു തീയിടും. അതു വൻ കാട്ടുതീയായി  മാറുകയാണെന്നും സെറ്റ്സർ പറഞ്ഞു. മാത്രമല്ല ആമസോൺ മേഖലയിലെ പകുതിയിലധികം പ്രദേശവും ഇപ്പോൾ വിവിധ പാരിസ്ഥിതിക ഭീഷണി നേരിടുകയാണ്.

സർക്കാറിതര സംഘടനകളാണ് കാട്ടുതീയ്ക്കു പിന്നിലെന്നാണ് ബ്രസീൽ പ്രസി‍ഡന്റ് ജെയ്‌ർ ബോൾസൊനാറോ കുറ്റപ്പെടുത്തുന്നത്. എന്നാൽ ഇതിന് തെളിവുകളില്ലെന്നും അദ്ദേഹം പറയുന്നു. കടുത്ത ചൂടും വരണ്ട കാലവസ്ഥയുമാണ് ആമസോണിൽ ഇത്തരത്തിൽ തീ പടർന്നുപിടിക്കാൻ കാരണമെന്നാണ് ബ്രസീലിലെ പരിസ്ഥിതി മന്ത്രി റിക്കാഡോ സാലസ് പറഞ്ഞത്.

ആമസോണിലെ കാട്ടുതീ രാജ്യാന്തര പ്രശ്നമായി മാറിയെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ പ്രതികരണം. "നമ്മുടെയെല്ലാം വീടാണ് കത്തിയെരിയുന്നത്. ലോകത്തിനാവശ്യമായതിൽ 20% ഓക്സിജനും ഉൽപാദിപ്പിക്കുന്ന 'ഭൂമിയുടെ ശ്വാസകോശ'ത്തിനാണ് തീ പിടിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ജി-7 ഉച്ചകോടിയിൽ പ്രധാന അജണ്ടയായി വിഷയം ചർച്ച ചെയ്യണം"-മാക്രോൺ ആവശ്യപ്പെട്ടു. എന്നാൽ വ്യക്തിതാൽപര്യങ്ങൾക്കു വേണ്ടി ബ്രസീലിന്റെയും മറ്റ് ആമസോൺ രാജ്യങ്ങളുടെയും ആഭ്യന്തര വിഷയത്തിൽ ഇടപെടുകയാണ് മാക്രോൺ എന്നായിരുന്നു പ്രസിഡന്റ് ജെയ്‌ർ  ബോൾസൊനാറോയുടെ വിമർശനം.

അതേസമയം, ആമസോണിന്റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം ബ്രസീൽ സർക്കാറാണെന്ന് പരിസ്ഥിതിപ്രവർത്തകർ കുറ്റപ്പെടുത്തുന്നു. ഭൂമാഫിയകൾക്കും കർഷകർക്കും കാടുവെട്ടിത്തെളിക്കാനുള്ള അനുമതി സർക്കാർ നൽകുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നാണ് അവർ പറയുന്നത്. ആമസോൺ കാടുകളില്‍ കാട്ടുതീ വ്യാപകമായി, ഓക്സിജനു പകരം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ ഉൽപാദിപ്പിക്കാൻ തുടങ്ങിയാൽ അത് വിപരീതഫലമാകും നൽകുകയെന്നാണ് ലോക വന്യജീവി ഫണ്ട് പറയുന്നത്. ആഗോളതാപനം രൂക്ഷമാകും.

ആമസോണിലെ കാട്ടുതീ അപകടകരമാംവിധം വ്യാപിച്ചതോടെ ലോകവ്യാപകമായി സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമുയർന്നു. 'പ്രേ ഫോർ ആമസോണിയ', 'ആക്ട് ഫോർ ദി ആമസോൺ' എന്നീ ഹാഷ്ടാഗുകളോടെ സമൂഹമാധ്യമങ്ങളിൽ വിഷയം കത്തിപ്പടരുകയാണ്. 

പോപ് ഗായിക മഡോണ, നടൻ ലിയനാർഡോ ഡി കാപ്രിയോ, ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ ആശങ്ക പങ്കുവച്ച് ട്വീറ്റ് ചെയ്തു.