• 23 Sep 2019
  • 07: 09 AM
Latest News arrow

സിപിഎമ്മിന്റെ ജനസ്വാധീനം ചോര്‍ന്നുവെന്ന് കോടിയേരി; വിശ്വാസങ്ങള്‍ക്ക് പാര്‍ട്ടി എതിരല്ല

കേരളത്തിൽ ന്യൂനപക്ഷ വർഗീയത വളരുന്നു; ജനങ്ങളുമായുള്ള ഇടപെടല്‍ ശക്തമാക്കണം

തിരുവനന്തപുരം: പാര്‍ട്ടിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന കമ്മിറ്റി മുതല്‍ ബ്രാഞ്ച് തലം വരെ പാര്‍ട്ടിഘടകങ്ങളില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സമിതി യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ.

ശബരിമല വിഷയത്തില്‍ സിപിഎം പാര്‍ട്ടിക്കെതിരെ തെറ്റായ പ്രചാരണമാണ് നടന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവുണ്ടായെന്നും പാര്‍ട്ടിയുടെ ജനസ്വാധീനം കുറയാന്‍ കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി. ചില ആളുകള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബഹുജന പിന്തുണ നഷ്ടപ്പെടുന്ന കാര്യങ്ങളില്‍ ഇനി പാര്‍ട്ടി ഇടപെടില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളില്‍ നിന്ന് സ്‌നേഹം പിടിച്ചു പറ്റാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ന്യൂനപക്ഷ വർഗീയത വളരുകയാണ്. ജമാ അത്തെ ഇസ്‌ലാമിയും പോപ്പുലർ ഫ്രണ്ടുമാണ് ഇതിനു നേതൃത്വം നൽകുന്നത്. അതിനൊപ്പം ഭൂരിപക്ഷ വർഗീയതയും ശക്തിപ്പെടുന്നുണ്ട്. കോടിയേരി പറഞ്ഞു.

"പാര്‍ട്ടി വിശ്വാസികള്‍ക്ക് എതിരല്ല. വിശ്വാസികളുടെ വോട്ട് തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കും.സഖാക്കള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. പാര്‍ട്ടി അധികാര കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കാന്‍ പാടില്ല. പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതില്‍ നിര്‍ബന്ധം പിടിക്കാന്‍ പാടില്ല. പ്രവര്‍ത്തകര്‍ അക്രമങ്ങളില്‍ പങ്കെടുക്കരുത്. വികസനം, സമാധാനം എന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കണം"- കോടിയേരി വിശദമാക്കി.