• 19 Sep 2019
  • 12: 30 AM
Latest News arrow

രാഹുല്‍ഗാന്ധി വീണ്ടും വയനാട്ടിലേക്ക്; രണ്ട് ദിവസം സന്ദര്‍ശനം നടത്തും

വയനാട്: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി രാഹുല്‍ ഗാന്ധി എംപി വീണ്ടും വയനാട്ടിലെത്തുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാകും രാഹുല്‍ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുക. നേരത്തെ മലപ്പുറം ജില്ലയിലെ കവളപ്പാറ ഉള്‍പ്പടെയുള്ള പ്രളയബാധിത മേഖലകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു.

കേരളത്തില്‍ പ്രളയം ബാധിച്ച ഉടനെ സന്ദര്‍ശനം നടത്തിയ രാഹുല്‍ഗാന്ധി പ്രളയദുരിതാശ്വാസത്തിനുള്ള നടപടികൾ കൈക്കൊള്ളുകയും കേന്ദ്രസര്‍ക്കാരില്‍ പ്രളയത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഹുല്‍ കത്തയക്കുകയും ചെയ്തിരുന്നു. ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ മുന്നറിയിപ്പ് സംവിധാനം ഉണ്ടായിരുന്നെങ്കില്‍ നിരവധി ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. വന നശീകരണവും പശ്ചിമഘട്ടത്തിലെ ഖനനവും ദുരന്തത്തിന്റെ ആഘാതം കൂട്ടി. ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ദുരന്തബാധിത മേഖലകള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.