• 23 Sep 2019
  • 07: 10 AM
Latest News arrow

"പണലഭ്യത കുറയുന്നു; രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍"- നീതി ആയോഗ് ഉപാധ്യക്ഷന്‍

ന്യൂഡല്‍ഹി: 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പണക്ഷാമമാണ് രാജ്യത്തെ ധനമേഖല അഭിമുഖീകരിക്കുന്നതെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജീവ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. നിലവിലേത് അസാധാരണ സാഹചര്യമാണെന്നും സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും ഈ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി.

സാമ്പത്തികമേഖലയാകെ മുരടിപ്പിലാണ്. സ്വകാര്യ മേഖലയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യണം. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണെന്നും രാജീവ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷമായി സാമ്പത്തിക വളര്‍ച്ച വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് രാജീവ് കുമാറിന്റെ പ്രസ്താവന.

സ്വകാര്യ മേഖലയ്ക്കുള്ളിലും ആരും ആരെയും വിശ്വസിക്കുന്നില്ല. പണം നല്‍കാന്‍ ആര്‍ക്കും താല്‍പര്യമില്ല.  പൊതുമേഖലയിലും ഇതാണ് സ്ഥിതി. ആരും ആര്‍ക്കും വായ്പ കൊടുക്കാന്‍ തയാറാവുന്നില്ല. ഈ സാഹചര്യത്തില്‍ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 5.8 ശതമാനമാണ് രേഖപ്പെടുത്തിയത്. നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലും ജിഡിപി വളര്‍ച്ച 5.7 ശതമാനമായി കുറയുമെന്നാണ് റിപ്പോര്‍ട്ട്. ഉപഭോഗവും നിക്ഷേപവും കുറയുന്നതും സേവന മേഖലയുടെ മോശം പ്രകടനവുമാണ് ജിഡിപി വളര്‍ച്ച കുറയാന്‍ കാരണമാകുന്നത്. എന്നാല്‍ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ചെറിയ തോതില്‍ തിരിച്ചുവരവും പ്രതീക്ഷിക്കുന്നുണ്ട്.

 2009-14 ലാണ് വിവേചനരഹിതമായ വായ്‌പാനയം ആരംഭിച്ചതെന്നും ഇത് 2014-ന് ശേഷം നിഷ്‌ക്രിയ ആസ്തി (എൻ‌പി‌എ) വർദ്ധിക്കുന്നതിലേക്ക് നയിച്ചുവെന്നും സാമ്പത്തിക മേഖലയിലെ സമ്മർദ്ദമാണ് സമ്പദ്‌വ്യവസ്ഥയുടെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നും നീതി ആയോഗ് വൈസ് ചെയർമാൻ പറഞ്ഞു. വർദ്ധിച്ചുവരുന്ന എൻ‌പി‌എകൾ പുതിയ വായ്പ നൽകാനുള്ള ബാങ്കുകളുടെ കഴിവ് കുറച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

#WATCH: Rajiv Kumar,VC Niti Aayog says,"If Govt recognizes problem is in the financial sector... this is unprecedented situation for Govt from last 70 yrs have not faced this sort of liquidity situation where entire financial sector is in churn &nobody is trusting anybody else." pic.twitter.com/Ih38NGkYno

— ANI (@ANI) August 23, 2019