• 19 Sep 2019
  • 12: 15 AM
Latest News arrow

ചന്ദ്രയാൻ-2 കണ്ട ചന്ദ്രൻ

Moon as viewed by Chandrayaan-2 LI4 Camera on 21 August 2019 19:03 UT

ബംഗളുരു: ചന്ദ്രയാൻ-2 ലെ വിക്രം ലാൻഡർ എടുത്ത ചന്ദ്രന്റെ ആദ്യത്തെ ചിത്രം ഐ.എസ്.ആർ.ഒ പുറത്ത് വിട്ടു. L14 ക്യാമറ ഉപയോഗിച്ചാണ് ഈ ചിത്രം എടുത്തത്. ചന്ദ്രനിൽ നിന്നും 2,650 കിലോമീറ്റർ ദൂരത്ത് നിന്നാണ് ഈ ചിത്രം പകർത്തിയത്.

ചന്ദ്രന്റെ ഉപരിതലത്തിലെ  മെറെ ഓറിയന്റൽ തടവും അപ്പോളോ വിള്ളലും രേഖപ്പെടുത്തിയാണ് ഐ.എസ്.ആർ.ഒ  ചിത്രം പുറത്തുവിട്ടത്.

‘കിഴക്കൻ സമുദ്രം’ എന്നാണ് മെറെ ഓറിയന്റലിന്റെ ലാറ്റിൻ പേര്. ചന്ദ്രനിലെ ഇരുണ്ട മേഖലയാണ്  ‘ലൂണാർ മെറെകൾ’. അഗ്നിപർവത സ്ഫോടനങ്ങളിൽ രൂപപ്പെട്ടതാണ് ഇതെന്നാണ് സൂചന. 950 കിലോമീറ്ററാണ് ഏകദേശം 300 കോടി വർഷം മുൻപ് രൂപപ്പെട്ട ഈ തടത്തിന്റെ വിസ്തൃതി. മെറെ ഓറിയന്റലിനെ ഭൂമിയിൽ നിന്നു നിരീക്ഷിക്കാൻ ഏറെ ബുദ്ധിമുട്ടാണ്. അതിനാൽ ബഹിരാകാശ പേടകങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഇതിനെപ്പറ്റിയുള്ള പഠനത്തിനു ആശ്രയിക്കുന്നത്.

ചന്ദ്രനിലെ പ്രശസ്തമായ വിള്ളലുകളിലൊന്നാണ് ദക്ഷിണാർധ ഗോളത്തിൽ സ്ഥിതി ചെയ്യുന്ന 'അപ്പോളോ ക്രേറ്റർ'. അഗ്നിപർവത സ്ഫോടനത്തിലൂടെ രൂപപ്പെട്ടതാണിതെന്നാണു കരുതുന്നത്. അതിന്റെ തെളിവായി ലാവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. നാസയുടെ അപ്പോളോ മിഷനുള്ള ബഹുമാന സൂചകമായാണ് ഈ പേര് നൽകിയത്. 538 കിലോമീറ്റർ വിസ്തൃതിയുള്ള ഈ വിള്ളലിനകത്തെ ചെറുവിള്ളലുകൾക്ക് നാസയുടെ ബഹിരാകാശ യാത്രികരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും പേരുകളാണ് നൽകിയിരിക്കുന്നത്. കൊളംബിയ സ്പെയ്സ് ഷട്ടിൽ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച ഇന്ത്യൻ വംശജ കൽപന ചാവ്‌ലയുടെ പേരിലും ചാവ്‌ല ക്രേറ്റർ എന്ന പേരിൽ ഇവിടെ ഒരു വിള്ളലുണ്ട്.