• 18 Nov 2019
  • 03: 30 PM
Latest News arrow

ഒടുവിൽ 'രാക്ഷസൻ' ഗാരിയ്ക്ക് തൂക്കുകയർ

ഫ്ലോറിഡ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ കൊലയാളി എന്ന് വിശേഷിപ്പിക്കുന്ന സീരിയൽ കില്ലർ ഗാരി റേ ബൗള്‍സ് എന്നയാളുടെ വധശിക്ഷ 25 വര്‍ഷങ്ങൾക്ക് ശേഷം ഇന്ന് (വ്യാഴാഴ്ച ) വൈകീട്ട് നടപ്പാക്കുകയാണ്. എട്ട് മാസത്തിനിടെ ആറ് കൊലപാതകങ്ങള്‍ നടത്തിയ ഗാരി റേ ബൗള്‍സിനെ 'ചരിത്രത്തിലെ തന്നെ സമാനതകളേതുമില്ലാത്ത കൊലയാളി' എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചിരുന്നത്.

ഒരു സിനിമാക്കഥ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതാണ് ഗാരിയുടെ ജീവിതം. ഗാരി റേ ബൗള്‍സ് വെര്‍ജീനിയയിലാണ് ജനിച്ചത്. കല്‍ക്കരിത്തൊഴിലാളിയായ അച്ഛന്‍ ശ്വാസകോശരോഗം കാരണം മരണമടഞ്ഞതോടെ ഗാരിയുടെ അമ്മ വേറെ വിവാഹം ചെയ്തു. രണ്ടാനച്ഛന്‍, ഗാരിയേയും സഹോദരനെയും അമ്മയേയും ഉപദ്രവിക്കുമായിരുന്നു. പതിമൂന്നാമത്തെ വയസ്സുവരെ ഗാരിയെ  രണ്ടാനച്ഛൻ  ലൈംഗികമായി ഉപദ്രവിച്ചു. പിന്നീട് പ്രതികരിച്ച ഗാരി  ഇയാളെ പരിക്കേല്‍പ്പിച്ചു. തുടർന്ന് വീടുവിട്ടിറങ്ങിയ ഗാരി ശരീരം വിറ്റാണ് ജീവിച്ചത്.

1982-ല്‍ പെണ്‍സുഹൃത്തിനെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസില്‍ ഇയാള്‍ അറസ്റ്റിലായി. ആറ് വര്‍ഷം തടവായിരുന്നു ശിക്ഷ. 1991 -ല്‍ ഒരു വൃദ്ധയുടെ പണം മോഷ്ടിച്ചതിന് വീണ്ടും അറസ്റ്റിലായി നാല് വര്‍ഷം ശിക്ഷ ലഭിച്ചെങ്കിലും രണ്ട് വര്‍ഷത്തിനുള്ളില്‍ മോചിപ്പിക്കപ്പെട്ടു.

ഗാരി ആദ്യത്തെ കൊലപാതകം നടത്തുന്നത്1994 മാര്‍ച്ച് 15-നാണ്. ഫ്ലോറിഡയിലെ ബീച്ചില്‍ വെച്ച് 59 വയസ്സുള്ള ജോണ്‍ ഹാര്‍ഡി റോബര്‍ട്ട്സ് എന്നയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും അതിനുശേഷം അയാളുടെ ക്രെഡിറ്റ് കാര്‍ഡ് കൈവശപ്പെടുത്തുകയും ചെയ്തു. ഇതോടെ കൊലപാതകത്തിൽ ഹരം കയറിയ ഗാരി  തുടര്‍ന്നുള്ള അഞ്ച് മാസങ്ങളിലായി അഞ്ച് കൊലപാതകങ്ങള്‍ കൂടി നടത്തി. ഡേവിഡ് ഹാര്‍മാന്‍ (38), മില്‍ട്ടണ്‍ ബ്രാഡ്‍ലി (72), ആല്‍വസണ്‍ (47), ആല്‍ബര്‍ട്ട് മോറിസ് (38), വാള്‍ട്ടണ്‍ ഹില്‍ട്ടണ്‍ എന്നിവരായിരുന്നു ഗാരിയുടെ ഇരകൾ.

കൊലപ്പെടുത്താന്‍ ഗാരി തെരഞ്ഞെടുത്തവരെല്ലാം സ്വവര്‍ഗാനുരാഗികളായിരുന്നു.  സ്നേഹം നടിച്ച് അടുത്തുകൂടുക, ബന്ധത്തിലാവുക, പിന്നീട് എവിടെയെങ്കിലും കൊണ്ടുപോയി ക്രൂരമായി കൊല ചെയ്യുക എന്നതായിരുന്നു ഗാരിയുടെ രീതി. അമിതമായി മദ്യപിക്കുമായിരുന്ന ഗാരി ഇരകളുടെ വായില്‍ മഞ്ഞുകട്ട, ചെളി, ടോയ്‍ലെറ്റ് പേപ്പര്‍ എന്നിവയെല്ലാം തിരുകും. അതിക്രൂരമായിട്ടായിരുന്നു ഓരോരുത്തരും കൊല ചെയ്യപ്പെട്ടത്.

1994 നവംബര്‍ 17-ന് നടത്തിയ വാള്‍ട്ടര്‍ ഹില്‍ട്ടണിന്‍റെ കൊലപാതകം തെളിഞ്ഞതോടെ ഗാരി അതുവരെ നടത്തിയ അഞ്ച് കൊലപാതകങ്ങള്‍ക്കും തുമ്പായി. കല്ലുരുട്ടി മുഖത്തിട്ടായിരുന്നു ഹില്‍ട്ടണെ ഗാരി കൊലപ്പെടുത്തിയത്. ഹില്‍ട്ടണിന്‍റെ സഹോദരി നടത്തിയ വെളിപ്പെടുത്തലാണ് ഗാരിയുടെ അറസ്റ്റിലേക്ക് വഴിവെച്ചത്.  തിമോത്തി എന്ന പേരിലായിരുന്നു വാള്‍ട്ടണൊപ്പം ഗാരി കഴിഞ്ഞിരുന്നത്. വാള്‍ട്ടണിന്‍റെ സഹോദരി, തിമോത്തി എന്നൊരാള്‍ തന്‍റെ സഹോദരനൊപ്പം കൊല്ലപ്പെടുന്നതിന് മുമ്പ് കഴിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തുകയായിരുന്നു. അങ്ങനെ അന്വേഷണം ഗാരിയിലേക്ക് നീങ്ങുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. 

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഗാരിയുടെ വധശിക്ഷയെ എതിര്‍ത്തുവെങ്കിലും വധശിക്ഷയേക്കാള്‍ കുറഞ്ഞൊരു ശിക്ഷ ഗാരിക്ക് നല്‍കാനാവില്ലെന്ന നിലപാടായിരുന്നു പ്രൊസിക്യൂഷന്‍റേത്. ജീവിച്ച ചുറ്റുപാടുകളും സാഹചര്യങ്ങളും കൊലയാളിയാക്കിയ 'രാക്ഷസൻ' ഗാരിയുടെ കഴുത്തിൽ ഒടുവിൽ തൂക്കുകയർ വീഴുകയാണ്.