• 23 Sep 2019
  • 07: 13 AM
Latest News arrow

'നോ ടൈം ടു ഡൈ'...007 എത്തുന്നു, കാണാതായ ശാസ്ത്രജ്ഞനെ നിഗൂഢതകൾ താണ്ടി കണ്ടെത്താൻ

ലണ്ടൻ: ലോകമെങ്ങുമുള്ള സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന ജെയിംസ് ബോണ്ട് പരമ്പരയിലെ ഇരുപത്തഞ്ചാമത്തെ ചിത്രത്തിന്റെ പേര് അണിയറപ്രവർത്തകർ പുറത്ത് വിട്ടു. 'നോ ടൈം ടു ഡൈ' എന്നാണ് ചിത്രത്തിന്റെ പേര്. കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സീക്രട്ട് സര്‍വീസില്‍ ഇപ്പോൾ സജീവമല്ലാത്ത ജെയിംസ് ബോണ്ട്, ജമൈക്കയിൽ സമാധാനപരമായ അവധിക്കാലം ആഘോഷിക്കുകയാണ്. എന്നാൽ സി.ഐ.എ യിലുള്ള ഫെലിക്സ് ലെയ്റ്റർ എന്ന പഴയ സുഹൃത്ത് ഒരു ദൗത്യത്തിന്  സഹായമഭ്യർത്ഥിക്കുന്നതോടെ ജെയിംസ് ബോണ്ടിന്റെ അവധിക്കാലം തകിടം മറിയുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട ഒരു ശാസ്ത്രജ്ഞനെ കണ്ടെത്തുകയാണ് ദൗത്യം. എന്നാൽ അപകടകരമായ പുതിയ സാങ്കേതികവിദ്യ കയ്യിലുള്ള, കണ്ടെത്താൻ സങ്കീർണ്ണതകൾ ഏറെയുള്ള നിഗൂഢമായ ഒരു വില്ലനെയാണ് ജെയിംസ് ബോണ്ടിന് നേരിടേണ്ടത്.

ചിത്രത്തിലെ നായകൻ കഴിഞ്ഞ നാലു ചിത്രങ്ങളിലും ജെയിംസ് ബോണ്ട് ആയി എത്തിയ ഡാനിയല്‍ ക്രേഗ് തന്നെയാണ്. ഓസ്‍കര്‍ ജേതാവ് റമി മലേക് ആയിരിക്കും വില്ലൻ കഥാപാത്രമായി എത്തുക. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

നേരത്തെ  ഷൂട്ടിംഗിനിടെ ഡാനിയല്‍ ക്രേഗിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ചെറിയ ശസ്‍ത്രക്രിയയ്‍ക്ക് ശേഷം ഡാനിയല്‍ ക്രേഗ് തിരിച്ചെത്തുകയും ലണ്ടനിൽ ഷൂട്ടിംഗ് തുടരുകയുമായിരുന്നു.

ചിത്രത്തിലെ നായകൻ ഡാനിയല്‍ ക്രേഗിന്റെ ഫസ്റ്റ് ലുക്കും ലൊക്കേഷൻ വീഡിയോയും നേരെത്തെ പുറത്തുവിട്ടിരുന്നു.