• 08 Jun 2023
  • 06: 25 PM
Latest News arrow

ശ്രീശാന്തിന് അടുത്ത വര്‍ഷം കളിക്കാം; ആജീവനാന്ത വിലക്ക് 7 വര്‍ഷമായി ചുരുക്കി

ന്യൂഡല്‍ഹി: ഐപിഎല്‍ 2013 കോഴ വിവാദത്തില്‍ മുന്‍ ഇന്ത്യന്‍ താരവും ലോകകപ്പ് ജേതാവുമായ ശ്രീശാന്തിനെതിരെ ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് ഏഴ് വര്‍ഷമാക്കി ചുരുക്കി. ഇതുസംബന്ധിച്ച് ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ ഡി.കെ ജെയ്ന്‍ ഉത്തരവിറക്കി. ഇതോടെ അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ശ്രീശാന്തിന് കളിക്കാം.

നേരത്തെ ബി.സി.സി.ഐ വിധിച്ചിരുന്ന ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയിരുന്നു. അന്ന് ശ്രീശാന്തിന്റെ ശിക്ഷാകാലയളവ് പുനഃപരിശോധിക്കുവാന്‍ കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. അത് കണക്കില്‍ എടുത്താണ് ബി.സി.സി.ഐ ഇപ്പോള്‍ ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

2013 ഓഗസ്റ്റിലാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ആ വര്‍ഷത്തെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഒത്തുകളിച്ചെന്ന് ആരോപിച്ചായിരുന്നു ഈ വിലക്ക്.

ഒപ്പം സഹതാരങ്ങളായ അജിത് ചാണ്ഡിലയേയും അങ്കിത് ചവാനേയും ബി.സി.സി.ഐ വിലക്കിയിരുന്നു. പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. ഒടുവില്‍ ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഇടപെട്ട സുപ്രീംകോടതി ആജീവനാന്ത വിലക്ക് നീക്കി, അന്തിമ തീരുമാനം ബി.സി.സി.ഐയ്ക്ക് വിടുകയായിരുന്നു. എന്തു നടപടി സ്വീകരിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബി.സി.സി.ഐയ്ക്ക് സുപ്രീംകോടതി മൂന്നു മാസത്തെ സമയവും അനുവദിച്ചു. ഈ മൂന്നു മാസം അവസാനിച്ചതോടെയാണ് ബി.സി.സി.ഐ തീരുമാനം വ്യക്തമാക്കിയത്.