• 23 Sep 2019
  • 07: 02 AM
Latest News arrow

ആസ്വാദകമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ ഈണങ്ങളുടെ സൃഷ്ടാവ്... ഖയ്യാമിന് അന്ത്യാഞ്ജലി

ഖയ്യാം 1976-ല്‍ ചിട്ടപ്പെടുത്തിയ 'കഭീ കഭീ മേരേ ദിൽ മേം...' എന്ന ഗാനം ഇന്നും സംഗീതലോകം ഏറ്റുപാടുന്നു

മുംബൈ: ബോളിവുഡിലെ പ്രമുഖ സംഗീത സംവിധായകൻ ഖയ്യാമിന് (മുഹമ്മദ് സാഹുർ ഖയ്യാം) സംഗീതാസ്വാദക ലോകത്തിന്റെ അന്ത്യാഞ്ജലി. ഹൃദയസ്‍തംഭനത്തെ തുടര്‍ന്ന് മുംബൈയിലെ ജുഹു സുജോയ് ആശുപത്രിയില്‍ വെച്ചായിരുന്നു ഖയ്യാമിന്റെ അന്ത്യം. 92 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‍നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

'ഉമ്രാവ്ജാൻ' എന്ന സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതിന് 1982-ല്‍ മികച്ച സംഗീത സംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ഖയ്യാമിന് ലഭിച്ചിട്ടുണ്ട്. ആശാ ഭോസ്ലെക്ക് മികച്ച ഗായികയ്ക്കുള്ള ബഹുമതിയും ഈ ഗാനങ്ങൾ നേടിക്കൊടുത്തു. 'ദില്‍ ചീസ് ക്യാ ഹേ...', 'ഇന്‍ ആംഖോം കി മസ്തി....', 'ജബ് ഭീ മില്‍തീ ഹേ...', 'യെ ക്യാ ജഗാ ഹേ ദോസ്‌തോം...', 'ജുസ്തുജൂ ജിസ്‌കീ ഥീ...' എന്നിങ്ങനെ ഈ ചിത്രത്തിലെ എല്ലാ പാട്ടുകളും ക്ലാസിക്കുകളായി.

1976-ല്‍ യാഷ് ചോപ്ര സംവിധാനം ചെയ്‍ത ‘കഭീ കഭീ’ എന്ന ഹിന്ദി ചിത്രത്തിലെ  'കഭീ കഭീ മേരേ ദിൽ മേം...' എന്ന ഗാനത്തിന്റെ ഈണമായിരുന്നു ഖയ്യാമിനെ ചലച്ചിത്രഗാനലോകത്ത് പ്രതിഷ്ഠിച്ചത്. ഏറ്റവും മികച്ച ഗായകനുള്ള 1977 ലെ ഫിലിം ഫെയര്‍ അവാര്‍ഡ് മുകേഷിന് നേടിക്കൊടുത്ത ഗാനവുമാണിത്. 

2007-ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. നിരവധി തവണ ഫിലിംഫെയര്‍ പുരസ്‍കാരങ്ങളും നേടി.

2011-ല്‍ ഖയ്യാമിനെ രാജ്യം പദ്‍മഭൂഷണ്‍ നല്‍കി ആദരിച്ചു.

ആദ്യം കവിതയും അഥവാ വരികളും പിന്നെ ഈണവും എന്നതായിരുന്നു ഖയ്യാമിന്റെ രീതി. ഈ വിശ്വാസപ്രമാണത്തിൽ ഉറച്ചുനിന്നതിനാൽ  ആറു പതിറ്റാണ്ടോളം സിനിമാലോകത്തുണ്ടായിട്ടും അൻപതിൽ താഴെ ചിത്രങ്ങൾക്ക് മാത്രമാണ് ഖയ്യാം സംഗീത സംവിധാനം നിർവ്വഹിച്ചത്. ആ ഗാനങ്ങളെല്ലാം ആസ്വാദക മനസ്സിൽ പതിയുകയും ചെയ്തു.