• 01 Feb 2023
  • 07: 49 AM
Latest News arrow

സിനിമാശാലകൾക്ക് പിന്നാലെ കലാ-സാംസ്കാരിക അക്കാദമികളും സ്ഥാപിക്കാനൊരുങ്ങി സൗദി; ജീവിതനിലവാരം ഉയരുമെന്ന് മന്ത്രി

റിയാദ്: സൗദിയില്‍ കലാ-സാംസ്കാരിക അക്കാദമികൾ വരുന്നു. സൗദി ജനതയുടെ ജീവിത നിലവാരം ഉയർത്തുന്നതിനായുള്ള സാംസ്കാരിക മന്ത്രാലയത്തിന്‍റെ 21 ഇന പദ്ധതികളുടെ ഭാഗമായാണ് അക്കാദമികൾ സ്ഥാപിക്കുന്നത്.

ജീവിത നിലവാരം ഉയർത്തുന്നതിന്‍റെ ഭാഗമായി കലാ-സാംസ്കാരിക അക്കാദമികൾ സ്ഥാപിക്കുന്ന കാര്യം സാംസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരനാണ് അറിയിച്ചത്.

"വൈവിധ്യമാർന്ന കലകൾ, കഴിവുകൾ എന്നിവയാൽ സമ്പന്നമാണ് രാജ്യം. കലകളിൽ അക്കാദമിക യോഗ്യത നേടുന്നതിന് ഈ ചുവടുവയ്പ് സഹായിക്കും. ആദ്യഘട്ടത്തിൽ രണ്ട് അക്കാദമികളാണ് സ്ഥാപിക്കുന്നത്. പൈതൃകം, പരമ്പരാഗത കലകൾ, കരകൗശല വസ്തുക്കൾ എന്നിവയിൽ വൈദഗ്ധ്യം നേടുന്നതിന് വേണ്ടിയുള്ള സ്ഥാപനമാണ് ഒന്ന്. അടുത്ത വര്‍ഷത്തോടെ ഇതിന് തുടക്കമിടും.1000 വിദ്യാർഥികളും പരിശീലകരും ഉൾക്കൊള്ളുന്ന ഹ്രസ്വ - ദീർഘ പദ്ധതികൾ ഈ രംഗത്ത് ആവിഷ്കരിക്കും. 2021 ഓടെ ആരംഭിക്കുന്ന സംഗീതത്തിന് വേണ്ടി മാത്രമുള്ള അക്കാദമിയാണ് മറ്റൊന്ന്. ഇവിടെയും 1000 വിദ്യാർഥികൾക്കുള്ള സംവിധാനങ്ങളാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക. സൗദിയിലെ സാംസ്കാരിക രംഗത്തെ സ്ഥിതിയും ആവശ്യകതയും പരിഗണിച്ച് വിപുലമായ പഠനം നടത്തി ഈ രംഗത്ത് വൈദഗ്ധ്യമുള്ളവരെ കണ്ടെത്തും"- മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ പറഞ്ഞു.

നാല് പതിറ്റാണ്ടിന് ശേഷം സിനിമാശാലകൾ തുടങ്ങുകയും സിനിമ പ്രദര്‍ശിപ്പിക്കുകയും ചെയ്ത സൗദി അറേബ്യയിൽ ഇതോടെ, സാംസ്കാരിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുകയാണ്.