• 18 Feb 2020
  • 11: 42 AM
Latest News arrow

അഫ്ഗാൻ ചാവേർ ബോംബാക്രമണം: മരണസംഖ്യ 63

കാബൂൾ: ശനിയാഴ്ച അഫ്ഗാനിസ്ഥാനിലെ കാബൂൾ നഗരത്തിലുണ്ടായ ചാവേർ ബോംബ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 63 ആയി. ഇരുന്നൂറോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഷിയാ മുസ്ലിംങ്ങൾ തിങ്ങിപ്പാർക്കുന്ന പടിഞ്ഞാറൻ പ്രവിശ്യയിലായിരുന്നു ഒരു വിവാഹച്ചടങ്ങിനിടെ രാത്രി പത്തരയോടെ ആക്രമണം നടന്നത്.

ബോംബാക്രമണത്തിന്റെ  ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ്  ഏറ്റെടുത്തിട്ടുണ്ട്.

"ഞങ്ങളുടെ ഒരു ചാവേർ, ബെൽറ്റ് ബോംബും ദേഹത്ത് കെട്ടിവെച്ച് വിവാഹമണ്ഡപത്തിൽ ചെന്ന്, കല്യാണത്തിരക്കിനിടെ ആദ്യസ്ഫോടനം നടത്തി. തുടർന്ന് അഗ്നിശമന സേനയും ആശുപത്രി ജീവനക്കാരും പോലീസുകാരും ഒക്കെ സംഭവസ്ഥലത്തെത്തിയപ്പോൾ,  ഓഡിറ്റോറിയത്തിന്റെ പാർക്കിങ്ങിൽ തന്നെ നിർത്തിയിട്ടിരുന്ന സ്ഫോടനവസ്തുക്കൾ നിറച്ച ഒരു വാഹനം അവർക്കിടയിലേക്ക് ഇടിച്ചു കയറ്റി"- എന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ അവകാശപ്പെടുന്നത്.

സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്ന ചിത്രങ്ങളിൽ ഹാളിൽ ചിതറിത്തെറിച്ച മൃതദേഹങ്ങളും കസേരകളും അലങ്കാരങ്ങളും കാണാം. വിവാഹച്ചടങ്ങുകൾ മാറി കൂട്ട ഖബറടക്കങ്ങളായി.

"എന്റെ സഹോദരനെ, സുഹൃത്തുക്കളെ, ബന്ധുക്കളെ ഒക്കെ എനിക്ക് നഷ്ടമായി. ഇനിയൊരിക്കലും എന്റെ ജീവിതത്തിലേക്ക് സന്തോഷം തിരിച്ചുവരില്ല..എനിക്ക് കബറടക്കത്തിൽ പങ്കെടുക്കാൻ പോലും വയ്യാത്തത്ര ക്ഷീണമുണ്ട്. ഞങ്ങൾ അഫ്‌ഗാനികൾ അനുഭവിക്കാൻ വിധിക്കപ്പെട്ട ആദ്യത്തെ സങ്കടമല്ല ഇതെന്ന് എനിക്കറിയാം... ഇനിയും ഇതിങ്ങനെ അവർത്തിച്ചുകൊണ്ടിരിക്കും. ആർക്കും ഒന്നും ചെയ്യാനാവില്ല..."-  പ്രാദേശികമാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു  നവവരനായ മിർവായിസ്  പറഞ്ഞു.

വധുവിന്റെ പാർട്ടിയിലെ  14  ബന്ധുക്കൾ കൊല്ലപ്പെട്ടു എന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.

"സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരുന്നു. പുരുഷന്മാരുടെ വിഭാഗത്തിലാണ് സ്ഫോടനം നടന്നത്. ആ മുറിക്കുള്ളിൽ ഉണ്ടായിരുന്ന പലരും മരിച്ചു. ഏതാണ്ട് എല്ലാവർക്കും ഗുരുതരമായി പരിക്കേറ്റു.  ഭക്ഷണം വിളമ്പാൻ നിന്നവരിൽ പലർക്കും ജീവൻ നഷ്ടമായി."- അദ്ദേഹം പറഞ്ഞു.

അഫ്‌ഗാൻ പ്രസിഡന്റ് മുഹമ്മദ് ഗനി സംഭവത്തെ അപലപിച്ചു. സ്ഥിതിഗതികൾ പരിശോധിച്ച് വേണ്ട നടപടികളെടുക്കുമെന്നും  പരിക്കേറ്റവരെ പരിചരിക്കുകയാണ് ഇപ്പോഴുള്ള അടിയന്തര പരിഗണന എന്നും അദ്ദേഹം പറഞ്ഞു.

സുന്നി ഭൂരിപക്ഷമുള്ള ഐഎസ്, താലിബാൻ തുടങ്ങിയ ഭീകരസംഘടനകൾ ഷിയാ ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നത് അഫ്ഗാനിസ്ഥാനിൽ പതിവാണ്. കാബൂൾ പൊലീസ് സ്റ്റേഷന് പുറത്ത് നടന്ന ഒരു ബോംബാക്രമണത്തിൽ 14 പേർ മരിച്ചത് പത്തുദിവസം മുൻപാണ്. അന്നത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുക്കുകയായിരുന്നു.

താലിബാനും അമേരിക്കൻ പ്രതിനിധികളുമായി സമാധാനചർച്ചകൾ പുരോഗമിക്കവെ നടന്ന ഈ ചാവേറാക്രമണം സമാധാനശ്രമങ്ങൾക്ക് കടുത്ത തിരിച്ചടിയാണ്.