• 23 Sep 2019
  • 07: 13 AM
Latest News arrow

സാലറി ചലഞ്ച്: ജീവനക്കാരുടെ പണം ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാതെ കെ.എസ്.ഇ.ബി

സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി സാലറി ചലഞ്ചിലൂടെ സമാഹരിച്ച ജീവനക്കാരുടെ പണം കെ.എസ്.ഇ.ബി. സര്‍ക്കാറിന് കൈമാറിയില്ല. ജീവനക്കാരില്‍ നിന്നും പിരിച്ചെടുത്ത 136 കോടിയാണ് കെ.എസ്.ഇ.ബി. ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാതെ മാറ്റിവെച്ചത്.
ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന രീതിയില്‍ 10 മാസംകൊണ്ടാണ് ജീവനക്കാരില്‍ നിന്ന് തുക പിടിച്ചെടുത്തിരുന്നത്. എന്നാല്‍ ഇതില്‍ 10.23 കോടി രൂപ മാത്രമാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇതുവരെ കെഎസ്ഇബി നല്‍കിയത്. ബാക്കി 126 കോടി രൂപയോളം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാന്‍ ബാക്കിയാണ്. 
അതേസമയം സാമ്പത്തിക പ്രതിസന്ധിമൂലമാണ് പണം കൈമാറാന്‍ സാധിക്കാതിരുന്നതെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ് പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചു. സാലറി ചലഞ്ചിന് മുന്‍പു തന്നെ 50 കോടി രൂപ കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നതായും ചെയര്‍മാന്‍ വ്യക്തമാക്കി. 
വാട്ടര്‍ അതോറിറ്റി കെഎസ്ഇബിക്ക് 1500 കോടി രൂപ നല്‍കാനുണ്ട്. ഇത് നാല് ഗഡുക്കളായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ തുകയില്‍ കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാനുള്ള തുക കിഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.