• 10 Jun 2023
  • 04: 30 PM
Latest News arrow

ടീം ഇന്ത്യ'യെ കരുത്തരാക്കാൻ രവി ശാസ്ത്രി; നാലാം നമ്പറിൽ ഇനി മുതൽ ശ്രേയസ് അയ്യർ

ന്യൂദൽഹി: ടീം ഇന്ത്യ'യുടെ മുഖ്യ പരിശീലകനായി വീണ്ടും നിയമിതനായ രവി ശാസ്ത്രി ടീമില്‍ അഴിച്ചുപണിക്കൊരുങ്ങുകയാണ്. ലോകകപ്പ് കഴിഞ്ഞതോടെ ടീമില്‍ പരീക്ഷണങ്ങള്‍ നടത്താനാണ് രവി ശാസ്ത്രിയുടെ തീരുമാനം. ലോകകപ്പില്‍ ഇന്ത്യയ്ക്ക് തലവേദനയായിരുന്നത് നാലാം നമ്പർ ബാറ്റ്‌സ്മാനായിരുന്നു. അതിനാൽ അനുയോജ്യനായ നാലാം നമ്പര്‍ ബാറ്റ്‌സ്ന്മാനെ കണ്ടെത്തി മൈതാനത്തിറക്കുകയാണ് രവി ശാസ്ത്രി ആദ്യം ചയ്യുന്നത്. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യരെയാണ്  ഇനിമുതല്‍ നാലാം നമ്പറില്‍ കളിക്കാനിറക്കുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി തങ്ങള്‍ ഈ സ്ഥാനത്തേക്ക് ഒരു കളിക്കാരനെ തിരയുകയാണെന്നും ശ്രേയസ് അയ്യര്‍ ഈ സ്ഥാനത്തിന് അനുയോജ്യനാണെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി വ്യക്തമാക്കി.

"സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശേണ്ടതെങ്ങിനെയെന്ന് ശ്രേയസ് പഠിച്ചു. മത്സരഫലം മാറ്റിമറിക്കാവുന്ന താരമാണ് ശ്രേയസ്. വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളില്‍ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യുന്നവരെയാണ് ടീമിന് ആവശ്യം. വരും മത്സരങ്ങളില്‍ കൂടുതല്‍ യുവ താരങ്ങളെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ പരീക്ഷിക്കും. ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ യുവതാരങ്ങള്‍ക്ക് കഴിയും"- രവി ശാസ്ത്രി വിലയിരുത്തി.

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ ഋഷഭ് പന്ത് ആയിരുന്നു നാലാം നമ്പറില്‍ കളിക്കാനിറങ്ങിയത്. ശ്രേയസ് അഞ്ചാം സ്ഥാനത്തും ഇറങ്ങി. എന്നാല്‍, ടി20 പരമ്പരയില്‍ ഉള്‍പ്പെടെ പന്ത് പരാജയപ്പെട്ടു. ശ്രേയസ് ആണ് ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയതും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതും. 71 റൺസ് , 65 റൺസ്  എന്നിങ്ങനെയാണ് ശ്രേയസ് രണ്ട് മത്സരങ്ങളിലായി നേടിയ സ്‌കോര്‍. പരമ്പരയില്‍ കളിക്കാന്‍ ലഭിച്ച അവസരം മുതലെടുക്കുന്നതില്‍ ഈ യുവതാരം വിജയിച്ചു.

ഇതുപോലെ ടീമിൽ അനുയോജ്യമായ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് രവിശാസ്ത്രി.