• 23 Sep 2019
  • 07: 16 AM
Latest News arrow

SBI എ.ടി.എം കാർഡ് സേവനങ്ങളിൽ നിയന്ത്രണം; രാത്രി 11 മണി മുതല്‍ രാവിലെ 6 മണിവരെ ഇടപാടുണ്ടാവില്ല

മുംബൈ: എസ്ബിഐയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിക്കുന്നതിന് സമയനിയന്ത്രണം ഏർപ്പെടുത്തി. 24 മണിക്കൂറും ലഭ്യമായിരുന്ന സേവനങ്ങള്‍ ഇനിമുതൽ രാത്രി 11 മണി  മുതല്‍ രാവിലെ 6 മണിവരെ ലഭിക്കില്ല.  എസ്ബിഐ ഐടി വിഭാഗം ജനറല്‍ മാനേജര്‍ രാജേഷ് സിക്ക പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്.

40,000 രൂപവരെ എ.ടി.എം വഴി വേറെ അക്കൗണ്ടിലേക്കോ കാർഡിലേക്കോ കൈമാറാൻ നിലവിൽ സൗകര്യമുണ്ടായിരുന്നു. എന്നാൽ കാര്‍ഡ് വഴി രാത്രി 12 മണിക്ക് തൊട്ടുമുമ്പും 12 മണി കഴിഞ്ഞും അടുപ്പിച്ച്, രണ്ട് ദിവസം പിന്‍വലിക്കാവുന്ന തുക ഒരുമിച്ച് പിന്‍വലിക്കുന്ന രീതി വ്യാപകമായി. ഇത്തരത്തില്‍ ഒന്നിച്ച് പണം പിന്‍വലിക്കുന്നത് ബാങ്കിന് അസൗകര്യമുണ്ടാക്കുന്നുവെന്നാണ് നിരീക്ഷണം. കൂടാതെ ഈ സമയങ്ങളിൽ വ്യാപക എ.ടി.എം തട്ടിപ്പ് നടക്കുന്നതായും പരാതികൾ വന്നു. ഇതേത്തുടർന്ന് ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും ഫലപ്രദമായില്ല. ഇതോടെയാണ് രാത്രി 11 മുതൽ രാവിലെ 6 വരെ എ.ടി.എം ഇടപാട് സൗകര്യം പൂർണമായി നിർത്തിയത്.

പുതിയ മാറ്റത്തെക്കുറിച്ച് എ.ടി.എം സ്‌ക്രീനിലും ശാഖകളിലും പ്രദര്‍ശിപ്പിച്ച് ഇടപാടുകാരെ അറിയിക്കും.