• 23 Sep 2019
  • 07: 16 AM
Latest News arrow

ശ്രീറാമിന്റെ മുമ്പില്‍ മുട്ടിടിച്ച് മോട്ടോര്‍വാഹനവകുപ്പും; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതെ ഒത്തുകളി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാമിന്റെയും സുഹൃത്ത് വഫയുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതെ മോട്ടോര്‍വാഹന വകുപ്പ്. വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നും ശ്രീറാം ഇതുവരെ നേരിട്ട് നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ വിശദീകരണം. അപകടം ഉണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത് വൈകിയതാണ് നടപടികള്‍ നീളാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ വാദിക്കുന്നു.

തുടര്‍ച്ചയായ നിയമലംഘനമുണ്ടായാല്‍ മാത്രമാണ് ലൈസന്‍സ് റദ്ദാക്കാന്‍ കഴിയൂ. ഇത് ഒറ്റപ്പെട്ട സംഭവമായതിനാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനോ സാധിക്കൂവെന്നാണ് മോട്ടര്‍ വാഹന വകുപ്പ് പറയുന്നത്. സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ ശ്രീറാമിന്റെ വാദം കൂടി കേള്‍ക്കണം. ഇതിനായി നോട്ടീസ് നല്‍കിയെങ്കിലും പേഴ്‌സണല്‍ സ്റ്റാഫ് എന്ന പേരില്‍ മറ്റൊരാളാണ് കൈപ്പറ്റിയത്. പക്ഷേ ഇതുവരെ മറുപടി കിട്ടിയിട്ടില്ല. മറുപടി തരുന്നില്ലെങ്കില്‍ വീണ്ടും നോട്ടീസ് നല്‍കുമെന്നും മോട്ടര്‍വാഹനവകുപ്പ് വിശദമാക്കുന്നു. അതേസമയം വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ല. വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് പോയെങ്കിലും കണ്ടെത്താനായില്ല.

രണ്ട് പേരില്‍ നിന്നും വിശദീകരണം കിട്ടാത്തതിനാല്‍ നടപടിയെടുക്കാനായിട്ടില്ല. ഇത് കൂടാതെ അപകടമുണ്ടാക്കിയ വാഹനം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടും വേണം. വാഹനം പരിശോധിക്കാനായി പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് അപേക്ഷ നല്‍കിയത് മൂന്ന് ദിവസം മുമ്പാണ്. വാഹനം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടും ശ്രീറാം നല്‍കുന്ന മറുപടിയും ചേര്‍ത്ത്, ശ്രീറാം ലൈസന്‍സെടുത്ത മട്ടാഞ്ചേരി ജോയിന്റ് ആര്‍ടിഒയ്ക്ക് അയച്ചുകൊടുക്കും. അവിടെയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യേണ്ടത്. എന്നാല്‍ എവിടെയാണോ സംഭവം നടന്നത് അവിടെയാണ് സസ്‌പെന്‍ഡ് ചെയ്യേണ്ടതെന്ന് മട്ടാഞ്ചേരി ജോയിന്റ് ആര്‍ടിഒയും പറയുന്നു.

സാധാരണക്കാരാണ് മദ്യപിച്ച് വാഹനമോടിക്കുന്നതെങ്കില്‍ ഉടനടി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തും. എന്നാല്‍ ഇവിടെ പൊലീസിനെപ്പോലെ മോട്ടര്‍വാഹനവകുപ്പും രണ്ട് നീതിയാണ് കാണിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മുമ്പില്‍ നീതി നടപ്പാക്കാന്‍ കെല്‍പ്പില്ലാതെ വിറയ്ക്കുകയാണ് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍.