• 10 Jun 2023
  • 05: 46 PM
Latest News arrow

മാനുവല്‍ ഫ്രഡറിക്സിന് ധ്യാൻചന്ദ്; യു. വിമൽ കുമാറിന് ദ്രോണാചാര്യ; മുഹമ്മദ് അനസ് അടക്കം 19 പേർക്ക് അർജ്ജുന: ശുപാർശപ്പട്ടിക കായിക മന്ത്രാലയത്തിന് കൈമാറി

ന്യൂദൽഹി: ദേശീയ കായിക പുരസ്‌കാരങ്ങൾക്ക് വൈ. മുഹമ്മദ് അനസ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവർ ഉൾപ്പെടെ.19 പേരെ ശുപാർശ ചെയ്തു. പുരസ്കാരത്തിനുള്ള ശുപാർശപ്പട്ടിക കേന്ദ്ര കായിക മന്ത്രാലയത്തിന് കൈമാറി.12 അംഗ വിദഗ്ധ സമിതിയുടെ ശുപാർശ കേന്ദ്ര കായിക മന്ത്രാലയവും പരിഗണിച്ച ശേഷമാണ് അന്തിമ പ്രഖ്യാപനം നടത്തുക.

ഗുസ്തി താരം ബജ്രംഗ് പുനിയ, പാരാലിംപിക്സ് താരം ദീപാ മാലിക്ക് എന്നിവരെ  പരമോന്നത കായിക ബഹുമതിയായ ഖേൽ രത്നയ്ക്കു ശുപാർശ ചെയ്തു. 7.5 ലക്ഷം രൂപയാണു ഖേല്‍ രത്‌ന പുരസ്കാര തുക.

2019-ലെ ധ്യാന്‍ചന്ദ് പുരസ്‌കാരം മലയാളി ഒളിമ്പ്യന്‍ മാനുവല്‍ ഫ്രഡറിക്സിന്  നല്‍കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന പുരസ്‌കാരമാണ് ധ്യാന്‍ ചന്ദ് അവാർഡ്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങിയതാണ് പുരസ്‌കാരം. 1972-ലെ മ്യൂണിക്ക് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായിരുന്നു മാനുവൽ. ഏഴു വര്‍ഷത്തോളം ഇന്ത്യയ്ക്കായി കളിച്ചു. 1973 ഹോളണ്ട് ലോകകപ്പിലും 1978 അര്‍ജന്റീന ലോകകപ്പിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങി.15-ാം വയസ്സില്‍ ഇന്ത്യന്‍  ആര്‍മിയില്‍  ചേര്‍ന്ന മാനുവലിനെ മികച്ച ഹോക്കിതാരമാക്കി തീര്‍ത്തത് സര്‍വീസസ് ക്യാമ്പില്‍ ലഭിച്ച പരിശീലനമാണ്. 1971-ല്‍  ഇന്ത്യന്‍ ഹോക്കിടീമിന്റെ ഗോള്‍കീപ്പറായി അരങ്ങേറി. തൊട്ടടുത്ത വര്‍ഷം (1972) നടന്ന മ്യൂണിക് ഒളിമ്പിക്സില്‍ ഇന്ത്യയെ വെങ്കലമെഡല്‍ ജേതാക്കളാക്കുന്നതില്‍ മാനുവലിന്റെ ഗോള്‍കീപ്പിങ് മികവ് നിര്‍ണായക പങ്കുവഹിച്ചു.

ബോബി അലോഷ്യസ്, ടി.പി. പദ്മനാഭന്‍ നായര്‍, സതീഷ് പിള്ള എന്നിവരാണ് മുമ്പ് ധ്യാന്‍ചന്ദ് പുരസ്‌കാരം നേടിയിട്ടുള്ള മലയാളികള്‍.

ബാഡ്മിന്റൺ കോച്ച് യു. വിമൽ കുമാർ (ബാഡ്മിന്റൻ), സന്ദീപ് ഗുപ്ത (ടേബിൾ ടെന്നീസ്), മൊഹീന്ദർ സിങ് ഡില്ലൻ (അത്‌ലറ്റിക്സ്) എന്നിവരെ ദ്രോണാചാര്യ പുരസ്കാരത്തിനും ശുപാർശ ചെയ്തിട്ടുണ്ട്. ആജീവനാന്ത മികവിനു മെർസ്ബാൻ പട്ടേൽ (ഹോക്കി), രാംബീർ സിങ് ഖോഖർ (കബഡി), സഞ്ജയ് ഭരദ്വാജ് (ക്രിക്കറ്റ്) എന്നിവരെയും  ദ്രോണാചാര്യ പുരസ്കാരത്തിന് ശുപാർശ ചെയ്തു.

ഒളിമ്പ്യൻ അത്‌ലറ്റ് മുഹമ്മദ് അനസ് അടക്കം19 പേരെ അർജ്ജുന അവാർഡുകൾക്ക് ശുപാർശ ചെയ്തിട്ടുണ്ട്.  തേജീന്ദർപാൽ സിങ് (അത്‌ലറ്റിക്സ്), എസ്. ഭാസ്കരൻ (ബോഡി ബിൽഡിങ്), ലോണിയ ലാത്തർ (ബോക്സിങ്), സി.എസ്. കാഞ്ജും(ഹോക്കി), അജയ് താക്കൂർ (കബഡി), ഗൗരവ് സിങ് ഗിൽ (മോട്ടോർ സ്പോർട്സ്), പ്രമോദ് ഭാഗട്ട് (പാരാ ബാഡ്മിന്റൻ), അഞ്ജും മൗഗിൽ(ഷൂട്ടിങ്), ഹർമീത് രാഹുൽ ദേശായ് (ടേബിൾ ടെന്നീസ്), പൂജാ ഛന്ദ( ഗുസ്തി),  ഗുർപ്രീത് സിങ് സന്ധു (ഫുട്ബോൾ), പൂനം യാദവ് (ക്രിക്കറ്റ്), സ്വപ്ന ബർമൻ (അത്‌ലറ്റിക്സ്), ബി.എസ്. പ്രണീത് (ബാഡ്മിന്റൻ), സുന്ദർ സിങ് ഗുജ്ജർ (പാലാ അത്‍ലറ്റിക്സ്), സിമ്രാൻ സിങ് ഷേർഗിൽ (പോളോ), ഫൗദ് മിശ്ര (അശ്വാഭ്യാസം) എന്നീ താരങ്ങൾക്കും അർജ്ജുന അവാർഡിനു ശുപാർശയുണ്ട്.  അര്‍ജ്ജുന അവാര്‍ഡ് ജേതാക്കള്‍ക്ക് 5 ലക്ഷം രൂപയാണ്  ലഭിക്കുക.