• 23 Sep 2019
  • 07: 19 AM
Latest News arrow

സംയുക്ത സൈനാധിപന്‍; ആശങ്കപ്പെട്ടതുപോലെയല്ല കാര്യങ്ങള്‍

1960 കള്‍ മുതല്‍ പലപ്പോഴായി ഉയര്‍ന്ന് കേട്ടിട്ടുള്ള ഒരു പദവിയാണ് സിഡിഎസ് അതായത് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്. 1999-ലെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം കെ സുബ്രഹ്മണ്യം തലവനായ വിദഗ്ധ സമിതി ഈ ആവശ്യം പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. ഈ റിപ്പോര്‍ട്ട് അന്നത്തെ ഉപപ്രധാനമന്ത്രിയായിരുന്ന എല്‍കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതി പരിശോധിച്ച് സിഡിഎസിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് 2011-ല്‍ നരേഷ് ചന്ദ്ര സമിതിയും അതിന് ശേഷം ലഫ്റ്റനന്റ് ജനറല്‍ ഷേക്കത്കര്‍ സമിതിയും ഈ ആവശ്യം ശക്തമായി ഉന്നയിക്കുകയുണ്ടായി.

എന്താണ് സിഡിഎസ്?

മൂന്ന് സേനാ വിഭാഗങ്ങളുടെയും മേധാവികളുടെ അതേ റാങ്കിലുള്ള ഒരു സൈനിക ഉദ്യോഗസ്ഥനായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പദവിയില്‍ നിയോഗിക്കപ്പെടുക. അദ്ദേഹത്തിന് സൈനിക ഓപ്പറേഷനുകളുടെ മേല്‍ യാതൊരു അധികാരവുമുണ്ടാകില്ല. മാത്രമോ ഒരു ജവാന്റെ മേല്‍പോലും കമാന്‍ഡിങ് അധികാരമില്ലാത്ത ഉദ്യോഗസ്ഥനായിരിക്കും സിഡിഎസ്.

നിലവില്‍ മൂന്ന് സേനാ വിഭാഗങ്ങള്‍ക്കും ഉള്ള തലവന്‍മാര്‍ ഫോര്‍ സ്റ്റാര്‍ ഉദ്യോഗസ്ഥരാണ്. ഇവര്‍ക്ക് മുകളില്‍ സൈന്യത്തിലെ റാങ്ക് ഘടന അനുസരിച്ച് പഞ്ചനക്ഷത്ര റാങ്കിലുള്ള ഉദ്യോഗസ്ഥനുണ്ടാകും. അതായത് കരസേനയ്ക്കാണെങ്കില്‍ ജനറലിന് മുകളില്‍ ഫീല്‍ഡ് മാര്‍ഷല്‍, നാവിക സേനയ്ക്ക് അഡ്മിറലിന് മുകളില്‍ അഡ്മിറല്‍ ഓഫ് ദ ഫ്‌ളീറ്റ്, വ്യോമസേനയ്ക്ക് എയര്‍ ചീഫ് മാര്‍ഷലിന് മുകളില്‍ മാര്‍ഷല്‍ ഓഫ് ദി എയര്‍ ഫോഴ്‌സ് എന്നിങ്ങനെയാണ് പഞ്ചനക്ഷത്ര റാങ്കുകള്‍. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഒരു സേനയ്ക്കും പഞ്ചനക്ഷത്ര റാങ്കിലുള്ള ഉദ്യോഗസ്ഥനില്ല. കരസേനാ മേധാവികളായിരുന്ന സാം മനേക് ഷായ്ക്കും കെഎം കരിയപ്പയ്ക്കും വ്യോമസേനാ മേധാവിയായിരുന്ന അര്‍ജുന്‍ സിങ്ങിനും വിരമിച്ചതിന് ശേഷം ബഹുമാന സൂചകമായി ഈ റാങ്ക് നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി സിഡിഎസ് പ്രഖ്യാപനം നടത്തിയപ്പോള്‍ പഞ്ചനക്ഷത്ര റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും ആ പദവിയില്‍ വരികയെന്നാണ് വിലയിരുത്തലുണ്ടായത്. എന്നാല്‍ മുമ്പ് പറഞ്ഞ സമിതികളെല്ലാം നിലവിലെ സൈനിക മേധാവികളുടെ അതേ റാങ്കിലുള്ള ഉദ്യോഗസ്ഥനെ സിഡിഎസ് ആക്കുവാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. അതുകൊണ്ട് ഈ നിര്‍ദേശമായിരിക്കും നടപ്പിലാക്കുക.

എന്തിനാണ് സിഡിഎസ്?

സാധാരണ ഗതിയില്‍ സൈനിക മേധാവികള്‍ക്ക് രണ്ട് ചുമതലകളുണ്ട്. ഒന്ന് സൈന്യത്തിന് ഓപ്പറേഷന്‍ കമാന്‍ഡിങ് നല്‍കുക. രണ്ടാമത്തേത്, യുദ്ധതന്ത്ര സിദ്ധാന്തങ്ങളും ദീര്‍ഘകാല ആവശ്യങ്ങളും തീരുമാനിച്ച് സര്‍ക്കാരിനെ ഉപദേശിക്കുക. ഈ രണ്ട് കാര്യങ്ങളും ഒരാളില്‍ തന്നെ നിക്ഷിപ്തമായിരിക്കുന്നതിനാല്‍ സുരക്ഷാകാര്യങ്ങള്‍ പലപ്പോഴും കാര്യക്ഷമമായി നടത്താന്‍ സാധിക്കാതെ വരുന്നുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് സിഡിഎസ് വരുന്നത്. അതായത് ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ മൂന്ന് സേനകളുടെയും ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ്, അവ തന്റെ സ്റ്റാഫ് സമിതികളുടെ സഹായത്തോടെ പഠിച്ച് സര്‍ക്കാരിനെ നേരിട്ട് അറിയിക്കും. 

നിലവില്‍ കരസേനയുടെയും നാവികസേനയുടെയും വ്യോമസേനയുടെയും മേധാവികള്‍ ഒരുമിച്ചിരുന്ന് സൈനിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചീഫ്‌സ് ഓഫ് സ്റ്റാഫ് സമിതിയുണ്ട്. എന്നാല്‍ ഈ സമിതിയില്‍ മൂന്ന് മേധാവിമാര്‍ക്കും മൂന്ന് അഭിപ്രായങ്ങള്‍ വരുമ്പോള്‍ ഏത് സ്വീകരിക്കുമെന്നത് പ്രശ്‌നമാകും. ഈ അവസരത്തിലാണ് സിഡിഎസിന്റെ ആവശ്യകത. മൂന്ന് സൈനിക മേധാവികളുടെയും ആവശ്യകതകള്‍ പരിശോധിച്ച് മികച്ച ഒരു നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ സാധിക്കും.