• 19 Sep 2019
  • 12: 16 AM
Latest News arrow

കള്ളകര്‍ക്കിടകം ഒഴിഞ്ഞു; ഇനി പ്രതീക്ഷയുടെ പൊന്‍പുലരി

തിരുവനന്തപുരം: കള്ളക്കര്‍ക്കിടകത്തിന്റെ താണ്ഡവകാലം കടന്ന് സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിലേക്ക് കാലെടുത്ത് വെച്ച് കേരളം. കര്‍ക്കിടക്കത്തില്‍ നാശം വിതച്ച പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുകയാണ് കേരളജനത. ആഘോഷങ്ങളുടെ ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്ന മലയാളിയുടെ മലയാള ഭാഷാമാസം കൂടിയാണ് ചിങ്ങമാസം. ഈ ദിവസം തന്നെയാണ് കര്‍ഷകദിനമായി മലയാളികള്‍ ആചരിക്കുന്നത്.

ഓരോ വീടുകളിലും കര്‍ക്കടക മാസാവസാന ദിനം തന്നെ ചിങ്ങമാസത്തെ വരവേല്‍ക്കാനുള്ള ഒരുക്കള്‍ തുടങ്ങും. ചിങ്ങത്തലേന്ന് നിലം കഴുകി വൃത്തിയാക്കുന്ന പതിവ് എല്ലാ വീടുകളിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ ദിവസം പ്രധാന ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും പതിവാണ്.

മലയാളികള്‍ക്ക് പഞ്ഞമാസം മാത്രമായിരുന്നില്ല കര്‍ക്കിടകം സമ്മാനിച്ചിരുന്നത്.  കുത്തിയൊലിച്ച് വന്ന മഴവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയത് മലയാളികളുടെ പ്രതീക്ഷകളുമായിരുന്നു. വാഴയും നെല്ലും പച്ചക്കറിയുമെല്ലാം ഈ ചിങ്ങപ്പിറവിയ്ക്ക് മുന്നേ തന്നെ കര്‍ഷകന് നഷ്ടമായി. മഴക്കോളൊഴിഞ്ഞ ചിങ്ങമാസത്തിന്റെ പ്രതീക്ഷയാണ് ഇനിയുള്ളത്. മുറ്റത്ത് പൂക്കളങ്ങള്‍ തീര്‍ക്കുന്ന ഓണക്കാലവുമിങ്ങെത്തി. പ്രളയത്തെ ഒന്നായി നേരിട്ട ആ മനസ്സുമായി പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാം.