• 23 Sep 2019
  • 07: 07 AM
Latest News arrow

"മേയര്‍ ബ്രോ എന്ന വിളിയില്‍ കണ്ണ് മഞ്ഞളിക്കില്ല, ദൗത്യം തുടരും"- വികെ പ്രശാന്ത്

പ്രളയത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യസാധനങ്ങളെത്തിക്കാന്‍ മുന്‍പന്തിയില്‍ നിന്ന തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുകയാണ്. കോര്‍പ്പറേഷന്‍ ഓഫീസില്‍ ആരംഭിച്ച കളക്ഷന്‍ പോയിന്റില്‍ നിന്നും 75 ലോഡ് സാധനങ്ങളാണ് കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക് പോയത്. ഇതോടെ ആളുകള്‍ സ്‌നേഹത്തോടെ അദ്ദേഹത്തെ 'മേയര്‍ ബ്രോ' എന്ന് വിളിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതൊന്നും കണ്ട് തന്റെ കണ്ണ് മഞ്ഞളിക്കില്ലെന്ന് അദ്ദേഹം പറയുന്നു.

''എന്ത് സഹായവും നല്‍കാന്‍ തയ്യാറായിട്ടുള്ള 2,800 ഓളം വൊളന്റിയര്‍മാരാണ് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാരിസ്ഥിതിക അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നഗരസഭ 'ഗ്രീന്‍ ആര്‍മി' എന്നൊരു പദ്ധതി നടപ്പാക്കിയിട്ടുണ്ട്. അതിലെ ചെറുപ്പക്കാരും ഏത് സമയത്തും പ്രവര്‍ത്തിക്കാന്‍ തയ്യാറായിട്ടുണ്ടായിരുന്നു. ഇവരാണ് യഥാര്‍ത്ഥത്തില്‍ ജോലിയൊക്കെ ചെയ്യുന്നത്. ഇത് എന്റെ വിജയമായിട്ടാണ് പലരും വിശേഷിപ്പിക്കുന്നത്. എന്നാല്‍ ജോലി ചെയ്യുന്ന ഈ ചെറുപ്പക്കാരുടെ ഊര്‍ജ്ജവും ഉത്‌സാഹവുമാണ് ഈ പദ്ധതി വിജയിക്കാന്‍ കാരണം. അവര്‍ക്ക് നേതൃത്വം കൊടുക്കുക മാത്രമാണ് ഞാന്‍ ചെയ്തത്.''- വികെ പ്രശാന്ത് പറയുന്നു.

"ജില്ലാ ഭരണകൂടങ്ങളാണ് സാധാരണഗതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതും അവിടെ ആഹാരവും മറ്റ് സാധനങ്ങളും എത്തിക്കുന്നതുമെല്ലാം സാധാരണ നിലയില്‍ അവരാണ്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ഇതെല്ലാം ചെയ്യാമെന്ന്  തങ്ങള്‍ തെളിയിച്ചുവെന്നേയുള്ളൂ. നഗരസഭയില്‍ സന്നദ്ധപ്രവര്‍ത്തനത്തിനായി രജിസ്റ്റര്‍ ചെയ്തവരില്‍ വയനാട്ടില്‍ നിന്നുള്ളവരും കാസര്‍കോട്ട് നിന്നുള്ളവരും ഒക്കെയുണ്ടായിരുന്നു. തലസ്ഥാന നഗരമായതിനാല്‍ കേരളത്തിന്റെ ഒരു മിനിയേച്ചറാണ് ഈ നഗരം. ഫേസ്ബുക്കിലൂടെയും മറ്റും അറിഞ്ഞ് നഗരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനെത്തിയവര്‍ നിരവധി പേരാണ്. ഈ ക്യാമ്പെയ്‌നുകള്‍ക്കെതിരെ തുടക്കം മുതല്‍ നെഗറ്റീവായ പ്രചരണങ്ങളുണ്ടായിരുന്നു. തെക്കന്‍, വടക്കന്‍ എന്നിങ്ങനെ വേര്‍തിരിച്ചുള്ള ക്യാമ്പെയ്‌നുകളും നടന്നു. അതിനുള്ള കൃത്യമായ മറുപടിയാണ് കളക്ഷന്‍ പോയിന്റിലൂടെ ലഭിച്ചത്. ഇവിടെ കിട്ടിയിട്ടുള്ള സാധനങ്ങള്‍ തെളിയിക്കുന്നത് അത്തരം ക്യാമ്പെയ്‌നുകളെ ജനം തള്ളിക്കളഞ്ഞെന്നാണ്. ഈ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അതിനെയൊരു ബിംബവല്‍ക്കരണമായി കാണുന്നില്ല"- ഇതൊന്നും കണ്ട് തന്റെ കണ്ണ് മഞ്ഞളിച്ച് പോകുന്നില്ലെന്നും ഇനിയും ദൗത്യം തുടരുമെന്നും വികെ പ്രശാന്ത് പറഞ്ഞു. 

കടപ്പാട്: അഴിമുഖം