• 19 Sep 2019
  • 12: 21 AM
Latest News arrow

കശ്മീര്‍: പാക് നീക്കം പാളി; യു എന്‍ രക്ഷാസമിതിയിൽ ചൈനയൊഴിച്ച് 14 രാജ്യങ്ങളുടെയും പിന്തുണ ഇന്ത്യയ്ക്ക്; പൊതുപ്രസ്താവന ഇറക്കില്ല

ജനീവ: അമേരിക്ക, ബ്രിട്ടൺ, റഷ്യ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ സ്ഥിരം അംഗങ്ങളും ജർമ്മനി, സൗത്ത് ആഫ്രിക്ക, പോളണ്ട്, പെറു , കുവൈറ്റ് , ഇന്തോനേഷ്യ, ഗിനിയ, ബെൽജിയം, ഐവറി കോസ്റ്റ്, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങൾ ദ്വിവർഷ അംഗങ്ങളുമായ യു എന്‍ രക്ഷാസമിതി കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്തു. ചര്‍ച്ചയില്‍ പങ്കെടുത്ത പതിനാല് രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചു. ചൈന മാത്രമാണ് പാക്കിസ്ഥാന്‍ അനുകൂല നിലപാടെടുത്തത്. ഇതോടെ കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ പ്രതിരോധിക്കാന്‍ പാക്കിസ്ഥാന്‍ നടത്തിയ നീക്കം പാളി.

ഇന്ത്യ-പാക് പ്രശ്നം അജണ്ടയിലുള്‍പ്പെടുത്തി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈനയുടെ ആവശ്യം പരിഗണിച്ചാണ് ചര്‍ച്ച നടന്നത്. കശ്മീരിനെ വിഭജിക്കുകയും ലഡാക്കിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിയില്‍ ചൈന അതൃപ്തി അറിയിച്ചിരുന്നു. എന്നാൽ കശ്മീര്‍ വിഷയം പരിഹരിക്കാന്‍  ബാഹ്യ ഇടപെടല്‍ ആവശ്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. തീവ്രവാദം അവസാനിപ്പിച്ചാല്‍ പാക്കിസ്ഥാനുമായി ചര്‍ച്ചയാകാമെന്നാണ് ഇന്ത്യയുടെ നിലപാട്.

അതേസമയം, യു എന്‍ രക്ഷാസമിതിയുടെ ചർച്ച സംബന്ധിച്ച് പൊതുപ്രസ്താവന ഉണ്ടാവില്ല. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങൾ ഔദ്യോഗികരേഖയാക്കാത്ത പശ്ചാത്തലത്തിലാണ് പൊതുപ്രസ്താവനയില്ലാത്തത്.