• 19 Sep 2019
  • 12: 12 AM
Latest News arrow

ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങളില്‍ ഇളവ്; ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ചു

ശ്രീനഗര്‍: പ്രത്യേക പദവി നീക്കിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തുന്നു. ജമ്മുവിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ പുനസ്ഥാപിച്ചു. ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുര്‍ എന്നീ ജില്ലകളിലാണ് 2 ജി കണക്ടിവിറ്റി പുന:സ്ഥാപിച്ചത്. എന്നാല്‍ കശ്മീര്‍ താഴ്‌വരയിലെ നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരും.

വെള്ളിയാഴ്ച മുതലാണ് നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി ഇളവ് നല്‍കാന്‍ ആരംഭിച്ചത്.  എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ, തിങ്കളാഴ്ച മുതല്‍ സ്‌കൂളുകളും കോളജുകളും തുറന്നേക്കും. അതേസമയം, തടങ്കലിലാക്കിയ 'ഗ്രേറ്റര്‍ കശ്മീര്‍' പത്രത്തിന്റെ ലേഖകന്‍ ഇര്‍ഫാന്‍ മാലികിനെ ബോണ്ട് എഴുതിവാങ്ങി മോചിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്യുകയും സംസ്ഥാനം വിഭജിക്കുകയും ചെയ്ത പ്രത്യേക സാഹചര്യത്തിലാണ് ജമ്മുവിലും കശ്മീരിലും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ടെലികോം സേവനങ്ങള്‍ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം കൊണ്ടുവന്നത്.