• 23 Aug 2019
  • 10: 28 PM
Latest News arrow

മുത്തലാഖ്: സംസ്ഥാനത്തെ ആദ്യ അറസ്റ്റ് കോഴിക്കോട്ട്‌ മുക്കത്ത്

കോഴിക്കോട്: മുത്തലാഖ് നിയമം നടപ്പിലായതിന് ശേഷമുള്ള കേരളത്തിലെ ആദ്യത്തെ അറസ്റ്റ് കോഴിക്കോട്ട്‌ രേഖപ്പെടുത്തി. കോഴിക്കോട് ചെറുവാടി സ്വദേശി പി കെ ഉസാമിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. താമരശേരി കോടതി അറസ്റ്റിന് ഉത്തരവിടുകയായിരുന്നു. മുക്കം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. തുടര്‍ന്ന് ഇയാളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. മുസ്‌ലിം വുമന്‍സ് പ്രൊട്ടക്ഷന്‍ ആക്ട് 3, 4 വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മുത്തലാഖ് നിയമത്തിലെ സംസ്ഥാനത്തെ ആദ്യ കേസാണിത്.

നിയമം പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്തെ ആദ്യ കേസ് മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ വഴി മൂന്ന് തലാഖും ചൊല്ലി ഭാര്യയെ ഉപേക്ഷിച്ച താനെ സ്വദേശി ഇംത്യാസ് ഗുലാം പട്ടേലിനെയാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഫോണ്‍ വിളിച്ച് തലാഖ് ചൊല്ലിയതിന് പുറമേ വാട്‌സാപ്പ് വഴിയും ഇയാള്‍ തലാഖ് സന്ദേശമയച്ചിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം നടന്നത്.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് ബില്ലില്‍ (മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍) മുസ്ലീം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുന്ന വ്യവസ്ഥകളാണുള്ളത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് പുരുഷന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.