• 23 Aug 2019
  • 10: 20 PM
Latest News arrow

മഴക്കെടുതി: കവളപ്പാറയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

ഇതോടെ കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 37ആയി

കവളപ്പാറ: കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ നിന്ന് ഇന്ന് 4 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 37ആയി. 23 പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ തന്നെയാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 

മഴ മാറിനില്‍ക്കുന്നുണ്ടെങ്കിലും ചെളിനിറഞ്ഞു നില്‍ക്കുന്നതിനാല്‍ തിരച്ചിലിനായി കൊണ്ടുവന്ന ഹിറ്റാച്ചികള്‍ താഴുന്നു പോകുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഭൂമിയുടെ രൂപം മാറിയതിനാല്‍ അപകടത്തില്‍ തകര്‍ന്ന വീടുകള്‍ എവിടെയെന്ന് മാപ്പിങ്ങിലൂടെയാണ് എന്‍ഡിആര്‍ഫ് സംഘം അനുമാനിക്കുന്നത്. ഇതനുസരിച്ചാണ് തിരച്ചില്‍ നടക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് കവളപ്പാറ മുത്തപ്പന്‍കുന്നില്‍ ഉരുള്‍പൊട്ടലുണ്ടായത്. കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് വളരെ വൈകിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്.

അതേസമയം വയനാട് പുത്തുമലയില്‍ ഇനി ഏഴുപേരേക്കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തിരച്ചിലും തുടരുകയാണ്. കാണാതായവരുടെ ബന്ധുക്കളുമായി ജില്ലാ ഭരണകൂടം ആശയവിനിമയം നടത്തിയിരുന്നു. തിരച്ചില്‍ തുടരണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അഞ്ഞൂറിലേറെ ആളുകളാണ് ഇവിടെ തിരച്ചില്‍ നടത്തുന്നത്.