കശ്മീര്‍ വിഷയം: ഹര്‍ജിയില്‍ പിഴവെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നാല് ഹര്‍ജിയില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചത്. ഹര്‍ജിയിലെ പിഴവ് രജിസ്ട്രി ചൂണ്ടിക്കാണിച്ചിട്ടും പിഴവ് തിരുത്തിയില്ലെന്നും ഇത് എന്തുതരം ഹര്‍ജിയാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ചോദിച്ചു.
അര മണിക്കൂറോളം പരിശോധിച്ചിട്ടും ഇത് എന്തുതരം ഹര്‍ജിയാണെന്ന് മനസിലാവുന്നില്ലെന്നും തത്കാലം പിഴ ഈടാക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അഭിഭാഷകനായ എം.എല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജികളിലാണ് വ്യാപകമായ പിഴവുകള്‍ കണ്ടെത്തിയത്.
രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ പ്രത്യേക പദവി ഇല്ലാതാക്കിയത് ഭരണഘടന വിരുദ്ധമാണെന്നായിരുന്നു ഹരജിയില്‍ അഭിഭാഷകനായ എം.എല്‍ ശര്‍മ ചൂണ്ടിക്കാട്ടിയത്. ഇതേ കാര്യം ഉന്നയിച്ച് ജമ്മു കശ്മീരില്‍ നിന്നുള്ള നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയും ഹര്‍ജി നല്‍കിയിരുന്നു.
അതേസമയം, കശ്മീരിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുന:സ്ഥാപിക്കണമെന്നും മാധ്യമങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കശ്മീര്‍ ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റര്‍ അനുരാധ ബാസിന് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു. കശ്മീരിലെ വിഷയങ്ങളില്‍ തത്കാലം കോടതി ഇടപെടരുതെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് വാര്‍ത്താവിനിമ സംവിധാനങ്ങള്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാരിന് സമയം നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.
- ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേള ഗോൾഡൻ ജൂബിലി നിറവിൽ; മലയാളത്തിന് അഭിമാനമായി ജല്ലിക്കെട്ടും ഉയരേയും കോളാമ്പിയും
- ''ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതിയുണ്ട്, കേസ് പ്രതിച്ഛായ നശിപ്പിച്ചു''- മോഹന്‍ലാല്‍
- ''9ഉം 11ഉം വയസ്സുള്ളവരെ സൈന്യം കസ്റ്റഡിയിലെടുത്തു, പ്രായപൂര്‍ത്തിയാകാത്തവര്‍ 144''- ജമ്മുകശ്മീരില്‍ നടക്കുന്നത്
- ഒടുവിൽ 'രാക്ഷസൻ' ഗാരിയ്ക്ക് തൂക്കുകയർ
- അറിയാനുള്ള അവകാശത്തിന്റെ അതിരില്ലാത്ത ആകാശം