• 02 Jul 2020
  • 03: 16 PM
Latest News arrow

കനലെരിയുന്ന കശ്മീര്‍

ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞാല്‍ ആ പ്രദേശം കത്തുമെന്നുള്ള വിശ്വാസത്തെ തകിടം മറിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ജമ്മുകശ്മീരില്‍ നിന്നും വലിയ വാര്‍ത്തകളൊന്നും തന്നെയില്ല. ഒറ്റപ്പെട്ടയിടങ്ങളില്‍ ചില ചെറിയ പ്രതിഷേധങ്ങള്‍ മാത്രം. കശ്മീര്‍ ജനത ആഗ്രഹിച്ചത് അവര്‍ക്ക് സഫലമാക്കിക്കൊടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു. സ്വപ്‌നസാക്ഷാത്കാരത്തില്‍ കശ്മീര്‍ ജനത സന്തോഷിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതാണോ? കശ്മീരില്‍ ഒരു പ്രശ്‌നവുമില്ലേ....? പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ കശ്മീര്‍ ജനത സന്തോഷിക്കുകയാണോ?

അല്ല എന്നതാണ് ഉത്തരം. എന്നാല്‍ അക്കാര്യം പുറത്ത് പറയാന്‍ പോലും സാധിക്കില്ല. അതാണ് ഇപ്പോഴത്തെ കേന്ദ്രഭരണ പ്രദേശമായ കശ്മീരിന്റെ അവസ്ഥ. ജമ്മുകശ്മീരിലെങ്ങും കടുത്ത നിയന്ത്രമണമാണ്. സംസ്ഥാനത്തെങ്ങും വാനങ്ങളോടുന്നില്ല. കടകളൊക്കെ അടഞ്ഞു കിടക്കുകയാണ്. ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഇന്റര്‍നെറ്റ് സൗകര്യമില്ല. മൊബൈല്‍ കണക്ഷന്‍ പോലും പ്രവര്‍ത്തിക്കാത്ത ഇവിടെ പരസ്പരം ബന്ധപ്പെടാന്‍ പോലും കഴിയാതെ ആശങ്കയുടെയും ഒറ്റപ്പെടലിന്റെയും ഭീകരമായ ദിനങ്ങളിലൂടെയാണ് കശ്മീര്‍ ജനത കടന്നുപോകുന്നത്.

കശ്മീരില്‍ ഇപ്പോഴും കര്‍ഫ്യൂ തുടരുകയാണ്. സ്ഥിതിഗതികള്‍ ഒട്ടും ശാന്തമല്ല. കശ്മീരി ജനത സന്തോഷവാന്‍മാരാണെന്ന് പറയുന്നതെല്ലാം കളവാണെന്ന് മുഖം മറച്ചുകൊണ്ട് ചിലര്‍ മാധ്യമങ്ങളോട് പറയുന്നു. മുഖം വെളിപ്പെടുത്തിയാല്‍ നാളെ തങ്ങളുടെ സ്ഥിതിയെന്താകുമെന്ന് അറിയില്ലെന്ന് അവര്‍ ആശങ്കപ്പെടുന്നു.

കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം ജയിലിലാണ്. പ്രതിഷേധമുണ്ടാക്കുമെന്ന് തോന്നുന്നവരെയെല്ലാം തടങ്കലിലാക്കി. അവരൊക്കെ എവിടെയാണെന്ന് ബന്ധുക്കള്‍ക്ക് പോലും അറിയില്ല. വാര്‍ത്താവിനിമയ ഉപാധികളെല്ലാം നിര്‍ത്തലാക്കിയതോടെ ചുറ്റുപാടും എന്ത് നടക്കുന്നുവെന്ന് പോലും അറിയാതെ കഴിയുകയാണ് കശ്മീരി ജനത. അവര്‍ സന്തോഷിക്കുകയാണെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍, യഥാര്‍ത്ഥത്തില്‍ സ്വന്തം അവകാശങ്ങള്‍ പോലും തട്ടിപ്പറിച്ച സര്‍ക്കാരിനോട് കടുത്ത അമര്‍ഷം കൊണ്ടുനടക്കുകയാണ് അവര്‍. കേന്ദ്രസര്‍ക്കാരിന് വേണ്ടത് കശ്മീരിന്റെ ഭൂമിയാണ്, കശ്മീരിലെ ജനങ്ങളെയല്ലെന്നും അവര്‍ ആക്രോശിക്കുന്നു.

ഓഗസ്റ്റ് നാലാം തിയതി അര്‍ദ്ധരാത്രിയോടെയാണ് ജമ്മുകശ്മീരില്‍ അപ്രതീക്ഷിതമായി കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. അന്ന് മുതല്‍ എല്ലാ വാര്‍ത്താ വിനിമയ സംവിധാനങ്ങളും പ്രവര്‍ത്തനരഹിതമായി. വിവരങ്ങള്‍ കശ്മീരില്‍ നിന്ന് കൃത്യമായി ലഭിക്കാതെയായി.

കശ്മീരിന്റെ ആകാശത്ത് ഇപ്പോള്‍ വട്ടമിട്ട് പറക്കുന്നത് ഹെലികോപ്റ്ററുകളും ഡ്രോണുകളുമാണ്. സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ഈ പ്രദേശം. തോക്കുകള്‍ കയ്യിലേന്തിയ സൈനികരെ പേടിച്ച് ഒന്ന് പ്രതികരിക്കാന്‍ പോലും കഴിയാതെ ജീവിക്കുകയാണ് സാധാരണക്കാരായ ആളുകള്‍. ഈ അവസ്ഥ എത്രകാലം തുടരുമെന്ന് ആര്‍ക്കും അറിയില്ല. ഭരണകൂടത്തിന് പോലും ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നതാണ് വാസ്തവം.

 

Editors Choice