• 23 Aug 2019
  • 09: 40 PM
Latest News arrow

വയനാടിന് കൈത്താങ്ങായി രാഹുല്‍ ഗാന്ധി: 50,000 കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു

വയനാട്: മഴക്കെടുതിയില്‍ തകര്‍ന്ന വയനാടിന് രാഹുല്‍ഗാന്ധി എംപിയുടെ സഹായം. എം.പിയുടെ ഓഫീസ് മുഖേന അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും അടിയന്തര സാധനങ്ങളും വയനാട്ടിലെത്തിച്ചു. ജില്ലയിലെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് സാധനങ്ങള്‍ വയനാട്ടിലെത്തിയത്.

രണ്ട് ഘട്ടമായിട്ടാണ് സാധനങ്ങള്‍ വയനാട്ടില്‍ എത്തിച്ചത്. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ ലഭ്യമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളാണ് എത്തിച്ചത്. 

അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ് ഒരോ കുടുംബത്തിനുമുള്ള കിറ്റിലുള്ളത്. കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു. മൂന്നാം ഘട്ടത്തില്‍ ക്ലീനിങ് സാധനങ്ങള്‍ ജില്ലയിലെത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാത്ത്‌റൂം, ഫ്‌ലോര്‍ ക്ലീനിങ് വസ്തുക്കളടങ്ങിയ കിറ്റ് എത്തിക്കും. ഈ മാസം അവസാനം രാഹുല്‍ ഗാന്ധി വീണ്ടും മണ്ഡലം സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലുംപ്പെട്ടവരെ കാണാന്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വയനാടും മലപ്പുറവും സന്ദര്‍ശിച്ചിരുന്നു.