• 23 Sep 2019
  • 07: 09 AM
Latest News arrow

സഹപ്രവര്‍ത്തകര്‍ക്ക് 400 സ്വര്‍ണ്ണ മോതിരങ്ങള്‍: ഇളയ ദളപതിയുടെ 'ബിഗില്‍' ചിത്രീകരണം പൂര്‍ത്തിയായി

ഇളയ ദളപതി വിജയ്-അറ്റ്‌ലീ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ബിഗിലിന്റെ ചിത്രീകരണം പൂര്‍ത്തിയായി. വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന ബിഗിലിന്റെ ചിത്രീകരണം പൂര്‍ത്തിയതായ വിവരം അണിയറ പ്രവര്‍ത്തകരും ചിത്രത്തിലെ മറ്റ് അഭിനേതാക്കളും സാമൂഹ്യമാധ്യമങ്ങള്‍ വഴി അറിയിച്ചിരിക്കുകയാണ്. ചിത്രീകരണം പൂര്‍ത്തീകരിച്ച ആഹ്ലാദം വിജയ് സഹപ്രവര്‍ത്തകരുമായി ഇത്തവണ പങ്കുവെച്ചത് ഏറെ വ്യത്യസ്തകരമായാണ്. അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ഉള്‍പ്പെടെ 400 പേരടങ്ങുന്ന ചലച്ചിത്ര സംഘത്തിന് സ്വര്‍ണ്ണ മോതിരങ്ങളാണ് വിജയ് സമ്മാനിച്ചിരിക്കുന്നത്. ഇളയദളപതിയുടെ കയ്യില്‍ നിന്നും മോതിരങ്ങള്‍ കിട്ടിയ സന്തോഷം അഭിനേതാക്കള്‍ ഉള്‍പ്പെടെ സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം പങ്കുവെച്ച് കഴിഞ്ഞു.

നയന്‍താര നായികയായി എത്തുന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഗായത്രി റെഡ്ഢി, വര്‍ഷ ബൊല്ലമ്മ, റീബ ജോണ്‍ എന്നിവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മോതിരങ്ങള്‍ അണിഞ്ഞു നില്‍ക്കുന്ന പടങ്ങള്‍ വൈറലായി കഴിഞ്ഞു. ബിഗില്‍ എന്ന് എഴുതിയിട്ടുള്ള മോതിരങ്ങള്‍ ചിത്രത്തിന് പിന്നില്‍ രാപ്പകല്‍ അധ്വാനിച്ചവര്‍ക്കുള്ള സമ്മാനമാണെന്നാണ് വിജയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളില്‍ നിന്നുമുള്ള സൂചന. സ്‌പോര്‍ട്‌സ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് എ.ആര്‍.റഹ്മാനാണ്. കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയല്‍ ബാലാജി, യോഗി ബാബു എന്നിവരും ബിഗിലില്‍ പ്രധാന വേഷങ്ങളില്‍ എത്തും.