• 19 Sep 2019
  • 12: 15 AM
Latest News arrow

വിനോദസഞ്ചാരികള്‍ വര്‍ധിച്ചു; എറണാകുളം ജില്ല മുന്നില്‍

തിരുവനന്തപുരം: 2019 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കേരളത്തില്‍ എത്തിയ വിദേശ-ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 14.81 ശതമാനം വര്‍ദ്ധനയുണ്ടായെന്ന് കണക്കുകൾ. ഈ വര്‍ഷം രണ്ടാംപാദത്തിലെ കണക്കുകള്‍ അനുസരിച്ച് ആറരലക്ഷത്തോളം വിനോദസഞ്ചാരികളാണ് കൂടുതലായി കേരളത്തില്‍ എത്തിയത്.

2018-ലെ പ്രളയത്തിന് ശേഷം കേരളത്തിലെത്തിയിരുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു. അതേസമയം ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഈ വര്‍ഷത്തെ രണ്ടാംപാദത്തില്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ മാത്രം 15.05 ശതമാനം വര്‍ദ്ധനവുണ്ടായി. കഴിഞ്ഞവര്‍ഷം നാല്‍പ്പത്തിരണ്ട് ലക്ഷത്തോളം ആഭ്യന്തര സഞ്ചാരികള്‍ എത്തിയ സ്ഥാനത്ത് ഇത്തവണ നാല്‍പ്പത്തിഎട്ട് ലക്ഷത്തിനടുത്ത് വര്‍ദ്ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

സഞ്ചാരികളുടെ എണ്ണത്തില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 1.71 ശതമാനം വിനോദസഞ്ചാരികളാണ് ഇത്തവണ എറണാകുളത്ത് മാത്രം എത്തിയത്. ഏകദേശം 11 ലക്ഷത്തോളം ആഭ്യന്തര സഞ്ചാരികളും വര്‍ദ്ധിച്ചു. വിദേശ സഞ്ചാരികളും എറണാകുളം ജില്ലയെ അപേക്ഷിച്ച് കൂടുതലായി സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഏകദേശം 10,000 വിദേശ വിനോദസഞ്ചാരികള്‍ ഇത്തവണ കൂടുതലായി എത്തി. 1.35 ശതമാനം വിനോദസഞ്ചാരികള്‍ അധികമെത്തിയ ഇടുക്കി ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കേരളത്തില്‍ കൊല്ലം, തൃശൂര്‍ എന്നീ ജില്ലകളിലൊഴികെ മറ്റ് 12 ജില്ലകളിലും വിനോദസഞ്ചാരികള്‍ അധികമെത്തിയതായാണ് വകുപ്പ്തല കണക്കുകള്‍ സൂചിപ്പിക്കുന്നത്.