• 19 Sep 2019
  • 12: 14 AM
Latest News arrow

''അസാധ്യമായി ഒന്നുമില്ലെന്ന് കേരളജനത തെളിയിച്ചു; സ്വാതന്ത്ര്യദിനം ദുരിതാശ്വാസത്തിനും പുനര്‍നിര്‍മ്മാണത്തിനും''- മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ സ്വാതന്ത്ര്യ ദിനം കേരളത്തിന് ദു:ഖത്തിന്റെ നിഴല്‍ വീണ പശ്ചാത്തലത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ പുനര്‍നിര്‍മ്മിക്കലാകണം ഈ സ്വാതന്ത്ര്യദിനത്തില്‍ ലക്ഷ്യമിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എന്ത് ദുരന്തമുണ്ടായാലും നമ്മള്‍ തളരരുത്. നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ് ഈ പരിശ്രമം. പ്രളയം, വിഭവ പ്രതിസന്ധിയുണ്ടാക്കി. പക്ഷേ അസാധ്യമായി ഒന്നുമില്ലയെന്ന് കേരള ജനത തെളിയിച്ചു. ആ നിശ്ചയദാര്‍ഢ്യം ഇപ്പോഴത്തെ വിഷമാവസ്ഥകളില്‍ നിന്ന് കരകയറാന്‍ നമുക്ക് കൈമുതലാകും. നിര്‍ഭയമായ മനസ്സും സമുന്നതമായ ശിരസുമുള്ള ജനതയാണ് നമ്മള്‍. കവളപ്പാറയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പളളി വിട്ടു കൊടുത്ത സഹോദരങ്ങള്‍ രാജ്യത്തെ മഹത്തായ മാതൃകയാണെന്നും  മുഖ്യമന്ത്രി പറഞ്ഞു.

ജാതി-മത-വംശ-ഉപദേശീയ-സംസ്‌കാര-ഭാഷ തുടങ്ങിയ ഭേദങ്ങള്‍ക്കെല്ലാം അതീതമായ സാഹോദര്യം ഇന്ത്യക്കാരില്‍ ഊട്ടിയുറപ്പിച്ചത് നമുക്ക്  ലഭിച്ച സ്വാതന്ത്ര്യമാണ്. ഇതിന് അടിത്തറയായത് വിഖ്യാതമായ നമ്മുടെ ഭരണഘടനയും.  ഭരണഘടനയുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമെന്നതാണ് സ്വാതന്ത്ര്യദിനം നല്‍കുന്ന സന്ദേശം. ഭരണഘടനയുടെ ജീവസത്തയാണ് ഫെഡറല്‍ സ്പിരിറ്റ്. വൈവിധ്യത്തെ ഏക ശിലാരൂപമായ യൂണിറ്ററി സംവിധാനം കൊണ്ട് പകരം വയ്ക്കാനുള്ള ശ്രമം ഉണ്ടായാല്‍, ഇതിനെ ഭരണഘടനാതത്വത്തിന്റെ ലംഘനമായേ കാണാനാകൂ. രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കുന്നതും സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുന്നതും ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതത്തിന്റെ പേരില്‍ വിവേചനമുണ്ടാക്കുകയും പൗരന്മാരെ നീക്കിനിര്‍ത്തുകയും ചെയ്യുന്നുണ്ട്. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ശാസ്ത്ര വിരുദ്ധമായ മനോഭാവങ്ങളെയും ചെറുത്തു തോല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി സ്വാതന്ത്രദിന പ്രസംഗത്തില്‍ പറഞ്ഞു.