• 23 Aug 2019
  • 10: 25 PM
Latest News arrow

സര്‍ക്കാര്‍ കേസുകളുടെ ഏകോപനത്തിനായി ലെയ്‌സണ്‍ ഓഫീസറെ നിയമിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ കക്ഷിയാവുന്ന കേസുകളുടെ മേല്‍നോട്ടത്തിനും നിരീക്ഷണത്തിനുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറെ നിയമിച്ചു. ഹൈക്കോടതി അഭിഭാഷകന്‍ എ. വേലപ്പന്‍ നായരെയാണ് സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചിരിക്കുന്നത്. നിയമനം രണ്ടാഴ്ച മുന്‍പ് മന്ത്രിസഭ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴാണ് ഉത്തരവിറങ്ങിയത്.
അഡ്വക്കറ്റ് ജനറല്‍ ഓഫിസിലാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുക. അഡ്വക്കറ്റ് ജനറല്‍ ഓഫിസുമായി ബന്ധപ്പെട്ട കേസുകളുടെ പുരോഗതി നീരീക്ഷിക്കുന്നതും ഇദ്ദേഹത്തിന്റെ ചുമതലയാണ്. ഹൈക്കോടതിയിലെ സീനിയര്‍ ഗവ. പ്ലീഡറുടെ സേവനവേതന വ്യവസ്ഥകള്‍ക്ക് സമാനമായിരിക്കും ഈ തസ്തികയ്ക്കുമുണ്ടാവുകയെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.  ഗവ. പ്ലീഡറുടെ ശമ്പളം പുതുക്കി നിശ്ചയിച്ചത് അനുസരിച്ചാണ് വേലപ്പന്‍ നായരുടെ ശമ്പളം 1.10 ലക്ഷം രൂപയാക്കി നിശ്ചയിച്ചത്. അടിസ്ഥാന ശമ്പളം 76,000 രൂപയായിരിക്കും ടെലഫോണ്‍-ഇന്റര്‍നെറ്റ് ബത്ത 1000 രൂപ, യാത്രാബത്ത 19,000 രൂപ, ആനുകാലിക പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും വാങ്ങുന്നതിന് 14,000 രൂപ എന്നിങ്ങനെയാണ് ലഭ്യമാകുക.