• 06 Dec 2019
  • 12: 50 AM
Latest News arrow

പകര്‍ച്ചവ്യാധി ഭീഷണി: സംസ്ഥാനത്ത്‌ ദിശ കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: പ്രളയാനന്തര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 'ദിശ കോള്‍ സെന്റര്‍' പ്രവര്‍ത്തനം  ആരംഭിച്ചു. പ്രളയത്തിന് പിന്നാലെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ അവധി എടുക്കരുതെന്ന നിര്‍ദേശം വന്നതിന് പിന്നാലെയാണ് ' ദിശ കോള്‍ സെന്റര്‍' പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. 
ആരോഗ്യപരമായ വിഷയങ്ങളില്‍ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച കോള്‍ സെന്ററുമായി സംശയനിവാരണത്തിനും മറ്റ് സേവനങ്ങള്‍ക്കും 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. 1056 / 0471 2552056 എന്ന നമ്പറിലോ, 0471 2302160 എന്ന നമ്പറില്‍ സ്‌റ്റേറ്റ് കണ്‍ട്രോള്‍ റൂമുമായോ ആവശ്യക്കാര്‍ക്ക് ബന്ധപ്പെടാം.  
പ്രളയത്തിന് പിന്നാലെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഒരുങ്ങുന്നത്. ജനവാസ മേഖലകളില്‍ വെള്ളം കയറിയത് എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. നിലവില്‍ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ പ്രളയബാധിത പ്രദേശങ്ങളില്‍ എത്തിച്ച് വിതരണം നടത്തുന്നുണ്ട്. അടിയന്തിര വൈദ്യസഹായം, ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ വൈദ്യസഹായങ്ങള്‍, നിര്‍ദേശങ്ങള്‍, ജലജന്യ-വായുജന്യ-പ്രാണിജന്യ രോഗ നിയന്ത്രണം എന്നീ മേഖലകളിലാണ് സെന്റര്‍ പ്രവര്‍ത്തനം ലക്ഷ്യം വെച്ചിരിക്കുന്നത്.