• 23 Aug 2019
  • 10: 21 PM
Latest News arrow

നെടുങ്കണ്ടം കസ്റ്റഡി മരണം; സിബിഐക്ക് വിടാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണം സിബിഐക്ക് വിടാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയിലാണ് അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ അന്വേഷണത്തെക്കുറിച്ച് സംശയങ്ങളുണ്ടെങ്കില്‍ അത് ദുരീകരിക്കാന്‍ സിബിഐ അന്വേഷിക്കട്ടെയെന്നാണ് മന്ത്രിസഭയുടെ നിലപാട്.

കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ തീരുമാനം വരും മുമ്പാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. നിലവില്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കും. സിബിഐയുടെ അന്വേഷണം നടക്കുന്നതിന് സമാന്തരമായി ജുഡീഷ്യല്‍ അന്വേഷണം നടക്കട്ടെ എന്നാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ രാജ്കുമാര്‍ കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി എസ്‌ഐ സാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. സാബുവിനും നാലാം പ്രതി സിവില്‍ പൊലീസ് ഓഫീസര്‍ സജീവ് ആന്റണിക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.