• 23 Aug 2019
  • 10: 25 PM
Latest News arrow

മഴക്കെടുതി: കവളപ്പാറയില്‍ നിന്ന് 7 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 104 ആയി

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 104ആയി. ഏറെ ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ നിന്ന് ഇന്ന് 7 മൃതദേഹങ്ങള്‍ ലഭിച്ചു. ഇതോടെ ഇവിടെ നിന്ന് 30 മൃതദേഹങ്ങളാണ് കണ്ടുകിട്ടിയത്. 29 പേരെയാണ് ഇനി മണ്ണിനടിയില്‍ നിന്ന് കണ്ടെത്താനുള്ളത്. മഴ മൂലം കവളപ്പാറയിലെ തിരച്ചില്‍ കുറച്ച് സമയം നിര്‍ത്തിവെച്ചിരുന്നു.
വയനാട്ടിലെ പുതുമലയിലും തിരച്ചില്‍ തുടരുകയാണ്. ഇവിടെ മണ്ണിനടിയിലുള്ള ഏഴ് മൃതദേഹങ്ങളുടെയും സ്ഥാനം വിദഗ്ധന്റെ സഹായത്തോടെ നിര്‍ണ്ണയിച്ച് പ്രത്യേക ഭൂപടം തയ്യാറാക്കി തെരച്ചില്‍ നടത്തുകയാണ് ഇപ്പോള്‍. കോഴിക്കോട് നിന്നുള്ള വിദഗ്ധന്‍ പ്രകാശനാണ് മാപ്പ് വരച്ചത്. ഈ ഭൂപടത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാന നിര്‍ണ്ണം നടത്തുകയാണ് ഇപ്പോള്‍. 
പുത്തുമലയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കഴിഞ്ഞദിവസത്തില്‍ നിന്നും വ്യത്യസ്ഥമായി പന്ത്രണ്ടോളം ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് മണ്ണുമാന്തി രക്ഷാദൗത്യം നടത്തുന്നത്. പുത്തുമലയില്‍ സംഭവിച്ചത് ഉരുള്‍പൊട്ടലല്ല അതിശക്തമായ മണ്ണിടിച്ചിലെന്നാണ് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്.