വിശുദ്ധ ഹജ്ജിന് സമാപനം: 170 രാജ്യങ്ങളിൽ നിന്നുള്ള 25 ലക്ഷത്തിലധികം തീർത്ഥാടകരെത്തി

ജിദ്ദ: 170-ലധികം രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകര്‍ ഇത്തവണ വിശുദ്ധ ഹജ്ജ് കർമ്മം നിര്‍വഹിച്ചുവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് നിയമം ലംഘിച്ച ഏഴായിരത്തിലധികം വിദേശികൾക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. ഹജ്ജ് കർമ്മങ്ങൾ ഇന്ന് സമാപിക്കും.
170-ലധികം രാജ്യങ്ങളിൽ നിന്നുള്ള 25 ലക്ഷത്തിലധികം തീർത്ഥാടകരാണ് ഈ വർഷം ഹജ്ജ് കർമ്മം നിർവ്വഹിച്ചതെന്ന് ഹജ്ജ് ഉംറ മന്ത്രി ഡോ.മുഹമ്മദ് ബിൻതൻ പറഞ്ഞു. ഇതിൽ അധികവും എഴുപതു വയസിനു മുകളിൽ പ്രായമുള്ള വയോധികരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അനുമതിപത്രമില്ലാതെ ഹജ്ജ് നിർവ്വഹിക്കാനെത്തിയ നിരവധിപേരെ സുരക്ഷാ സേന പിടികൂടിയിട്ടുണ്ടെന്ന് ഹജ്ജ് പൊതു സുരക്ഷാ സേനാ വക്താവ് അറിയിച്ചു. ഹജ്ജ് നിയമങ്ങൾ ലംഘിച്ച് പിടിയിലായ 7,027 വിദേശികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇവരെ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷനു കൈമാറും.
അനുമതിപത്രമില്ലാതെ എത്തിയ 40,352 പേരെ മക്കയ്ക്കു സമീപമുള്ള ചെക്ക് പോസ്റ്റിൽ നിന്ന് സുരക്ഷാസേന തിരിച്ചയച്ചിരുന്നു. നിയമം ലംഘിച്ചു മക്കയിൽ പ്രവേശിക്കാൻ ശ്രമിച്ച 2,44,485 വാഹനങ്ങളും ചെക്ക് പോസ്റ്റിൽ നിന്ന് തിരിച്ചയച്ചു. 288 വ്യാജ ഹജ്ജ് സർവീസ് സ്ഥാപനങ്ങളും സുരക്ഷാ വകുപ്പ് കണ്ടെത്തി നടപടിയെടുത്തു.