• 06 Dec 2019
  • 01: 29 AM
Latest News arrow

കെവിന്‍ വധക്കേസ്: വിധി ഈമാസം 22ന്

കോട്ടയം: കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. 

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നും ദുരഭിമാനക്കൊലയായി പ്രഖ്യാപിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസിലെ മുഖ്യസാക്ഷിയായ ലിജോയും മുഖ്യപ്രതിയായ ഷാനു ചാക്കോയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം ഇതിന് തെളിവാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. താഴ്ന്ന ജാതിക്കാരനായ കെവിന്‍ നീനുവിനെ കല്യാണം കഴിക്കുന്നത് തങ്ങള്‍ക്ക് നാണക്കേടാണെന്നാണ് ഷാനു സന്ദേശം അയച്ചത്. 
എന്നാല്‍ ദുരഭിമാനക്കൊലയല്ലെന്നാണ് പ്രതിഭാഗം വക്കീലിന്റെ വാദം. കെവിനും നീനുവും തമ്മിലുള്ള വിവാഹം നടത്തിക്കൊടുക്കാമെന്ന് നീനുവിന്റെ അച്ഛന്‍ സമ്മതിച്ചിരുന്നതായും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. താഴ്ന്ന ജാതി മേല്‍ ജാതി എന്നത് നിലനില്‍ക്കില്ല. രണ്ട് കൂട്ടരും ക്രിസ്ത്യാനികളാണെന്നും പ്രതിഭാഗം വാദിച്ചു. 
കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍,  സഹോദരന്‍ സാനു ചാക്കോ എന്നിവരുള്‍പ്പടെ  14 പ്രതികളാണ് കേസില്‍ ഉള്ളത്. ഈ വര്‍ഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.  2019 ജൂലൈ 30 നാണ് കെവിന്‍ വധക്കേസില്‍ വിചാരണ പൂര്‍ത്തിയായത്. 113 സാക്ഷികളെ വിസ്തരിച്ച കേസില്‍, 238 രേഖകളും  50ലേറെ തെളിവുകളും കോടതി പരിശോധിച്ചു. 
മേയ് 26നാണ് എസ്.എച്ച് മൗണ്ട് പിലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ പ്രതിശ്രുത വധു നീനുവിന്റെ ബന്ധുക്കള്‍ അടങ്ങിയ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കെവിനോടൊപ്പം തട്ടിക്കൊണ്ടു പോയ ബന്ധു അനീഷിനെ സംഘം അന്നു തന്നെ വിട്ടയച്ചിരുന്നു. അനീഷ് ഏറ്റുമാനൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടെങ്കിലും നടപടി വൈകിയതാണ് കെവിന്റെ മരണത്തിന് ഇടയാക്കിയതെന്നും ആരോപണമുണ്ടായിരുന്നു.