• 23 Oct 2019
  • 10: 04 PM
Latest News arrow

സൈനിക ബഹുമതികൾ പ്രഖ്യാപിച്ചു: വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ ചക്ര

സ്‌ക്വാഡ്രന്‍ ലീഡര്‍ മിൻറി അഗര്‍വാളിന് യുദ്ധസേവാ മെഡൽ

ന്യൂദൽഹി: ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാൻ വീര്‍ ചക്ര ബഹുമതിയ്ക്ക് അർഹനായി. വ്യോമസേനാ സ്ക്വാഡ്രൻ ലീഡർ മിൻറി അഗർവാള്‍ യുദ്ധ സേവാ മെഡലിനും അര്‍ഹനായിട്ടുണ്ട്. വ്യാഴാഴ്ച സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.

രാജ്യം നൽകുന്ന മൂന്നാമത്തെ വലിയ സൈനിക ബഹുമതിയാണ് വീര്‍ ചക്ര. യുദ്ധ മുഖത്ത്  ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് സൈനികര്‍ക്ക് വീർ ചക്ര  സമ്മാനിക്കുന്നത്.  വ്യോമസേനയാണ് അഭിനന്ദനെ വീര്‍ ചക്രയ്ക്ക് ശുപാര്‍ശ ചെയ്തത്.

ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ സൈന്യം ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്‍റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതും അഭിനന്ദനായിരുന്നു. അതിനിടെ  വിമാനം തകര്‍ന്ന് പാകിസ്ഥാന്‍റെ  പിടിയിലായ അഭിനന്ദന്‍ വര്‍ധമാനെ 2019 മാർച്ച് ഒന്നാം തീയതി ഇന്ത്യക്ക് തിരികെ കൈമാറുകയായിരുന്നു .

ബാലാകോട്ട് ആക്രമണത്തിൽ നിർണ്ണായക പങ്ക് വഹിച്ചതിനാണ് എയർ ഫോഴ്സ് സ്ക്വാഡ്രൻ ലീഡർ മിൻറി അഗർവാള്‍ യുദ്ധസേവാ മെഡലിന് അര്‍ഹനായത്. രാഷ്ട്രീയ റൈഫിൾസിലെ പ്രകാശ് ജാദവിന് മരണാനന്തര ബഹുമതിയായി കീർത്തി ചക്ര ബഹുമതിയും നൽകും. എട്ട് പേർക്ക് ശൗര്യ ചക്ര ബഹുമതി  സമ്മാനിക്കും. ഇതിൽ അഞ്ച്  പേർക്ക് മരണാനന്തര ബഹുമതിയായാണ് ശൗര്യ ചക്ര സമ്മാനിക്കുന്നത്.