• 23 Aug 2019
  • 10: 17 PM
Latest News arrow

മഴക്കെടുതി: അടിയന്തര സഹായമായി 10,000 രൂപ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം

വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10ലക്ഷം രൂപ

തിരുവനന്തപുരം: മഴക്കെടുതിയില്‍ നാശം വിതച്ചവര്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. വെള്ളപ്പൊക്ക ബാധിതര്‍ക്ക് അടിയന്തരസഹായമായി 10,000 രൂപയും മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും, മഴക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും നല്‍കാന്‍ തീരുമാനമായതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദുരിതബാധിതരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതി ദുരിതാശ്വാസ സഹായം കുറ്റമറ്റ രീതിയില്‍ എല്ലാവരിലേക്കും എത്തിക്കണമെന്നാണ് മന്ത്രിസഭായോഗ തീരുമാനം. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് പട്ടിക തയ്യാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.  പ്രളയ പ്രദേശത്ത് സൗജന്യ റേഷന്‍ നല്‍കാനും തീരുമാനമായതായി മുഖ്യമന്ത്രി വ്യക്തമാക്കി.

ധനസഹായ വിതരണത്തിന് ശേഷം പരാതികളും ആക്ഷേപങ്ങളും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രളയബാധിതരായ ആളുകളെ നേരില്‍ കണ്ട് വിശദാംശങ്ങള്‍ ശേഖരിച്ച ശേഷമാണ് പട്ടിക തയ്യാറാക്കുക.