• 23 Aug 2019
  • 10: 08 PM
Latest News arrow

ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങി 'ചന്ദ്രയാൻ-2'

ബംഗളൂരു: ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങിയിരിക്കുകയാണ് ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണപേടകമായ 'ചന്ദ്രയാന്‍- 2'. പുലര്‍ച്ചെ 3.30-ന് ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നുള്ള മാറ്റം വിജയകരമായി പൂർത്തീകരിച്ചെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. എല്ലാ ഘടകങ്ങളും നല്ലനിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ശരിയായ ദിശയിലാണ് പേടകം നീങ്ങുന്നതെന്നും ഐ.എസ്.ആര്‍.ഒ. വ്യക്തമാക്കി.

ഇതുവരെയായി അഞ്ചുതവണ ഭ്രമണപഥം വിജയകരമായി ഉയര്‍ത്തിയിട്ടുണ്ട്. ജൂലായ് 22-നാണ് 3,840 കിലോഗ്രാം ഭാരമുള്ള 'ചന്ദ്രയാന്‍-2' വഹിച്ചുകൊണ്ട്  ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍നിന്ന്  കുതിച്ചുയര്‍ന്നത്.

ചന്ദ്രയാന്‍- 2 ഓഗസ്റ്റ് 20-ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. 'ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍' വിജയിക്കുന്നതോടെ ഭൂമിയെ ചുറ്റിയുള്ള പേടകത്തിന്റെ 23 ദിവസത്തെ യാത്ര അവസാനിക്കും. ഇതോടെ ചന്ദ്രയാന്‍- 2 ചന്ദ്രന്റെ സ്വാധീനവലയത്തിലാവും. തുടര്‍ന്ന്  ആറുദിവസംകൊണ്ട് ചന്ദ്രന്റെ ഏറ്റവും അകലെയുള്ള ഭ്രമണപഥത്തിലും പിന്നീട് ചന്ദ്രനില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലും എത്തിക്കണം.

സെപ്റ്റംബര്‍ ഏഴിനാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള  'ചന്ദ്രയാന്‍-2'ന്റെ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇറക്കം. 'സോഫ്റ്റ് ലാന്‍ഡിങ്' സാങ്കേതികവിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന 'ലാന്‍ഡറി'ല്‍നിന്നു 'റോവര്‍' പുറത്തിറങ്ങി ഉപരിതലത്തില്‍ സഞ്ചരിച്ച് ഗവേഷണം നടത്തുക എന്നതാണ് ദൗത്യം. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ (വിക്രം), റോവര്‍ (പ്രഗ്യാന്‍) എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാന്‍-2.