• 23 Aug 2019
  • 10: 24 PM
Latest News arrow

"കശ്മീരിലെ നിയന്ത്രണം നീക്കാന്‍ സര്‍ക്കാരിന് സമയം നല്‍കണം"- സുപ്രീംകോടതി

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കാന്‍ സര്‍ക്കാറിന് കൂടുതല്‍ സമയം നല്‍കുമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ കോടതിക്ക് ഉടന്‍ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. ആശയവിനിമയ സംവിധാനങ്ങള്‍ക്കുള്‍പ്പെടെ കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റണമെന്നാശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.

ജമ്മുകശ്മീരില്‍ കാര്യങ്ങള്‍ സാധാരണ നിലയിലേയ്ക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഒരു രാത്രികൊണ്ട് ഒന്നും ചെയ്യാനാവില്ല. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. ഇപ്പോള്‍ സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കുകയാണ് വേണ്ടത്. കശ്മീരിലേത് ഒരു വൈകാരികമായ വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് അരുണ്‍ മിശ്ര, എം ആര്‍ ഷാ, അജയ് റസ്‌തോഗി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ദിനംപ്രതി ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും ഇതുവരെ ഒരു ജീവനും നഷ്ടമായിട്ടില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. മനുഷ്യാവകാശ ലംഘനങ്ങള്‍ കുറയ്ക്കാന്‍ പ്രതിജ്ഞാബദ്ധമാണ് സര്‍ക്കാരെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കി.