• 06 Dec 2019
  • 12: 52 AM
Latest News arrow

കനത്ത മഴയ്ക്ക് സാധ്യത: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ബുധനാഴ്ച റെഡ് അലര്‍ട്ട്

എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

കോഴിക്കോട്: കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ നാളെ ( ബുധനാഴ്ച) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇന്ന് ( ചൊവ്വാഴ്ച) റെഡ് അലര്‍ട്ട് നിലവിലുണ്ട്. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട്. കോഴിക്കോടും കാസര്‍കോടും ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.

സംസ്ഥാനമൊട്ടാകെ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് രാവിലെ മഴ കുറവാണ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. 

ന്യൂനമര്‍ദം ശക്തിപ്രാപിച്ച് പശ്ചിമ ബംഗാള്‍ ഒഡീഷാ തീരത്തേക്ക് അടുത്തിട്ടുണ്ട്. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 15, 16 തിയതികളില്‍ ഇടുക്കി, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ട്. പതിനേഴിനു ശേഷം മഴ കുറയാനാണ് സാധ്യത.

അതേസമയം എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ബുധനാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാകളക്ടര്‍മാര്‍ അറിയിച്ചു. പ്രൊഫഷണല്‍ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. എറണാകുളം ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലാത്തതിനാലാണ് അവധി നല്‍കിയതെന്ന് കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു.