• 06 Dec 2019
  • 01: 23 AM
Latest News arrow

"ഒന്നിച്ചു നിന്ന് അതിജീവിക്കാം, സര്‍ക്കാര്‍ ഒപ്പമുണ്ട്"- മുഖ്യമന്ത്രി

വയനാട്: കേരളത്തില്‍ നാശം വിതച്ച ദുരന്തത്തെ ഒന്നിച്ച്‌നിന്ന് അതിജീവിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് മേപ്പാടിയില്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കാര്യത്തിനും സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പിന്നീട് പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടില്‍ നിന്ന് ഇറങ്ങിവന്നവര്‍ പലവിധത്തിലുള്ള പ്രയാസങ്ങള്‍  നേരിടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒന്നിച്ച് നിന്ന് പരിഹരിക്കാനാകും. കുറച്ച് പേരെയങ്കിലും ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ആ ശ്രമം തുടര്‍ന്നും നടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

വയനാട് മേപ്പാടിയിലെ ക്യാമ്പിലാണ് മുഖ്യമന്ത്രി  എത്തിയത്. തുര്‍ന്ന് ക്യാമ്പിലെ അന്തേവാസികളില്‍ കുറച്ചുപേരുമായി അദ്ദേഹം സംസാരിച്ചു. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍  മുഖ്യമന്ത്രി പങ്കെടുക്കും. അവലോകന യോഗത്തിന് ശേഷം പുത്തുമല ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കുള്ള സഹായ പ്രഖ്യാപനമുണ്ടായേക്കും. ഇതിന് ശേഷം മുഖ്യമന്ത്രി മലപ്പുറത്തെ കവളപ്പാറയിലേക്ക് പോകുമെന്നാണ് വിവരം.

മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ. ശശീന്ദ്രന്‍, കല്‍പറ്റ എംഎല്‍എ സി.കെ ശശീന്ദ്രന്‍ എന്നിവരുമുണ്ട്.