• 23 Aug 2019
  • 10: 19 PM
Latest News arrow

'മൂത്തോന്‍' മുംബൈ ചലച്ചിത്രോത്സവത്തിന്‍റെ ഉദ്‌ഘാടനചിത്രം

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'മൂത്തോന്‍' മുംബൈ ചലച്ചിത്രോത്സവത്തിന്‍റെ ഉദ്‌ഘാടന ചിത്രമാവുമെന്ന് മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജ് (MAMI) അറിയിച്ചു. നിവിന്‍ പോളിയാണ് 'മൂത്തോനി'ലെ  നായകൻ. ഒക്ടോബര്‍ 17 മുതല്‍ 24 വരെയാണ് ചലച്ചിത്രോത്സവം. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിന്‍റെ 21-ാം പതിപ്പാണിത്.

മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപും ചേര്‍ന്നാണ് 'മൂത്തോൻ' നിര്‍മ്മിച്ചിട്ടുള്ളത്. നിവിനൊപ്പം ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവരും  അഭിനയിക്കുന്നു. ലക്ഷദ്വീപും മുംബൈയുമാണ് പ്രധാന ലൊക്കേഷനുകള്‍. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ തന്‍റെ മുതിര്‍ന്ന സഹോദരനെ തേടി യാത്ര ചെയ്യുന്നതാണ് ചിത്രത്തിന്‍റെ പ്ലോട്ട്.

ഗീതു മോഹൻദാസിന്റെ ഭർത്താവും പ്രശസ്ത ഛായാഗ്രാഹകനുമായ രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്ന്  നിര്‍വ്വഹിക്കുന്നു.  ഒറിജിനല്‍ സ്‌കോര്‍ സാഗര്‍ ദേശായി. സൗണ്ട് ഡിസൈന്‍ കുനാല്‍ ശര്‍മ്മ. മലയാളത്തിലുള്ള സംഭാഷണങ്ങള്‍ ശ്രീജ ശ്രീധരനും ഹിന്ദിയിലെ സംഭാഷണങ്ങള്‍ അനുരാഗ് കാശ്യപും എഴുതുന്നു. ചിത്രത്തിന്‍റെ ടീസര്‍ നേരത്തേ ഇറങ്ങിയിരുന്നു.