• 06 Dec 2019
  • 12: 51 AM
Latest News arrow

മാധ്യമപ്രവര്‍ത്തകന്റെ മരണം; ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രി വിട്ടു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രി വിട്ടു. തിങ്കളാഴ്ച വൈകീട്ടോടെയാണ് ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ശ്രീറാമിനെ ഡിസ്ചാര്‍ജ് ചെയ്തത്. അപകടം നടന്ന് ഒരാഴ്ച പിന്നിട്ട ശേഷമാണ് ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രി വിടുന്നത്. 

ശ്രീറാമിന് നാലാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാലുദിവസം മുമ്പ് തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ സ്‌റ്റെപ്പ് ഡൗണ്‍ വാര്‍ഡിലേക്കും തുടര്‍ന്ന് പേ വാര്‍ഡിലേക്കും ശ്രീറാമിനെ മാറ്റിയിരുന്നു.

കനത്ത ആഘാതങ്ങള്‍ മൂലം ഒരു സംഭവത്തെ കുറിച്ച് പൂര്‍ണമായി ഓര്‍ത്തെടുക്കാനാകാത്ത റെട്രൊഗ്രേഡ് അംനേഷ്യ ശ്രീരാമിന് ബാധിച്ചെന്ന് നേരത്തെ മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

ശ്രീറാം വെങ്കിട്ടരാമനെതിരായ കുറ്റപത്രം 30 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ഡിജിപി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ശ്രീറാം ജാമ്യം നേടിയിരുന്നു. ബഷീറിന്റെ മരണത്തിന് കാരണമായി വാഹനം ഓടിച്ചത് താനാണെന്നും എന്നാല്‍ മദ്യപിച്ചിരുന്നില്ലെന്നും അന്വേഷണസംഘത്തോട് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞിരുന്നു. എന്നാല്‍, അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായാണ് ദൃക്‌സാക്ഷി ജോബി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.