• 06 Dec 2019
  • 12: 58 AM
Latest News arrow

മഴക്കെടുതിയില്‍ മരണം 87 ആയി; കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയില്‍ മരണം 87 ആയി. ഏറെ നാശം വിതച്ച മലപ്പുറത്തെ കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 20 ആയി. ഇനി 39 പേരെയാണ് കവളപ്പാറയില്‍ നിന്നും കണ്ടെത്താനുള്ളത്. പുത്തുമലയിലും തിരച്ചില്‍ തുടരുകയാണ്. 

അതേസമയം ബുധനാഴ്ച രാവിലെവരെ വീണ്ടും ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതോടെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ദുരന്തമേഖലകളില്‍നിന്ന്, പ്രത്യേകിച്ച് മലയോരത്തുനിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറിയവര്‍ രണ്ടുദിവസത്തേക്കുകൂടി തിരിച്ചുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 15 മുതല്‍ മഴ കുറയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം.