• 06 Dec 2019
  • 01: 42 AM
Latest News arrow

ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം: കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ജില്ലാകളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍  വിലയിരുത്താന്‍ ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ശുചീകരണം നല്ലതോതില്‍ നടക്കുന്നുവെന്ന്  ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിലുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഭക്ഷണം, മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തണം. ഒപ്പം വെള്ളമിറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ആദ്യഘട്ടത്തില്‍ കിണറുകള്‍ ശുചീകരിക്കുന്നതിന് മുന്‍ഗണന നല്‍കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും സന്നദ്ധ പ്രവര്‍ത്തകരെയും ഏകോപിപ്പിച്ച് വേണം ഇവ നടപ്പിലാക്കാനെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നകിയിട്ടുണ്ട്.

യോഗത്തില്‍ ഓരോ ജില്ലകളിലെയും അവസ്ഥകള്‍ ജില്ലാ കളക്ടര്‍മാര്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. രണ്ട് ദിവസമായി മഴ മാറി നില്‍ക്കുന്നതിനാല്‍ നിലവില്‍ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളില്‍ നിന്ന് വെള്ളമിറങ്ങിത്തുടങ്ങിയെന്ന് കളക്ടര്‍മാര്‍ അറിയിച്ചു. വെള്ളമിറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആളുകളെ ക്യാമ്പുകളില്‍ നിന്ന് തിരിച്ചുവിട്ടു തുടങ്ങിയെന്നും കളക്ടര്‍മാര്‍ അറിയിച്ചു.