• 23 Oct 2019
  • 10: 07 PM
Latest News arrow

നൂതന സാങ്കേതികവിദ്യയുമായി ജിയോ ഫൈബർ സെപ്തംബര്‍ 5 മുതൽ ഇന്ത്യയിൽ

മുംബൈ: റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്‍റ് സേവനം ഇന്ത്യയിൽ സെപ്തംബര്‍ 5-ന് ആരംഭിക്കും. മുംബൈയില്‍ നടന്ന റിലയന്‍സിന്‍റെ വാര്‍ഷിക യോഗത്തിലാണ്  ജിയോ ഗിഗാഫൈബറിന്റെ  പ്രഖ്യാപനം റിലയന്‍സ് മേധാവി മുകേഷ് അംബാനി നടത്തിയത്. മൂന്ന് വര്‍ഷം മുന്‍പ്  സെപ്തംബര്‍ 5-നാണ്  ജിയോ അവതരിപ്പിച്ചത്.

ജിയോ ഫൈബറിന് വേണ്ടി ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമാണ് റിലയന്‍സ് നടപ്പിലാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫൈബർ നെറ്റ്‌വർക്കാണ് ജിയോ അവതരിപ്പിക്കുക. ഭൂമിയെ 11 തവണ ചുറ്റാന്‍ വേണ്ടുന്ന ഫൈബര്‍ ശൃംഖലയാണ് രാജ്യത്ത് റിലയന്‍സ് ഇട്ടിരിക്കുന്നത്. ജിയോ ഗിഗാഫൈബര്‍ വരുന്ന 12 മാസത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും. ഡിടിഎച്ചുകളെ വെല്ലുന്ന രീതിയില്‍ ചാനലുകള്‍ വിതരണം ചെയ്യും. ജിയോ ഫൈബറിന്‍റെ സെറ്റ് ടോപ്പ് ബോക്സ് ഗെയിമിംഗ് സപ്പോര്‍ട്ട് ഉള്ളതായിരിക്കും. ആദ്യ മൂന്നു വർഷത്തിനുളളിൽ 7.5 കോടി വരിക്കാരെ ആകർഷിക്കാൻ ജിയോ ഫൈബറിന് കഴിയും എന്നാണ് റിലയന്‍സ് പ്രതീക്ഷിക്കുന്നത്.

100 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെയായിരിക്കും ജിയോ ഫൈബറിന്‍റെ വേഗത. 700 രൂപയില്‍ തുടങ്ങി 10,000 രൂപ വരെ മാസം ചിലവ് വരുന്നതാണ് ജിയോ ഫൈബറിന്‍റെ ഓഫറുകള്‍. വോയിസ് കോള്‍ തീര്‍ത്തും സൗജന്യമാണ്. ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് സിനിമകള്‍ റിലീസ് ദിവസം വീട്ടിലിരുന്ന് കാണാവുന്ന സംവിധാനവും 2020 ഓടെ നടപ്പിലാക്കുമെന്ന് അംബാനി അറിയിച്ചു.

ജിയോ ഫൈബറിന്‍റെ ഒരു വര്‍ഷത്തെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് എച്ച്ഡി ടിവിയോ, പിസി കമ്പ്യൂട്ടറോ സൗജന്യമായി നല്‍കും. ഒപ്പം 4കെ സെറ്റ് ടോപ്പ് ബോക്സും സൗജന്യമായി നല്‍കും. വീഡിയോ കോണ്‍ഫറന്‍സിന് മാത്രം ആയിരങ്ങള്‍ പാഴാക്കുന്ന കാലം കഴിഞ്ഞുവെന്നും മുകേഷ് അംബാനി പറയുന്നു