• 23 Oct 2019
  • 10: 07 PM
Latest News arrow

കഅ്‍ബയെ പുതിയ കിസ്‍വ അണിയിച്ചു

മക്ക: വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം നടന്ന ഓഗസ്റ്റ് 10-ന് ശനിയാഴ്ച കഅ്ബയെ പുതിയ കിസ്‍വ അണിയിച്ചു. എല്ലാ വര്‍ഷവും അറഫാ സംഗമ ദിനത്തിലാണ് കഅ്‍ബയുടെ കിസ്‍വ മാറ്റുന്നത്. ഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്‍ദുറഹ്‍മാന്‍ അല്‍ സുദൈസിന്റെ നേതൃത്വത്തില്‍ 160-ഓളം വിദഗ്ദരാണ് കിസ്‍വ മാറ്റാനായി പ്രവര്‍ത്തിച്ചത്.

670 കിലോഗ്രാം പട്ടും 120 കിലോഗ്രാം സ്വര്‍ണ്ണനൂലും 100 കിലോഗ്രാം വെള്ളിനൂലും ഉപയോഗിച്ചാണ് കിസ്‍വ നിര്‍മ്മിച്ചത്. മുകള്‍ ഭാഗത്ത് ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്ത പട്ടയുമുണ്ട്. ഇതിന് പുറമെ മറ്റ് ഭാഗങ്ങളിലും സ്വര്‍ണം പൂശിയ വെള്ളിനൂലുകൊണ്ട് ഖുര്‍ആന്‍ വചനങ്ങള്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്. കഅ്ബയുടെ നാല് വശങ്ങള്‍ക്കും വാതിലിനും വേണ്ടി അഞ്ച് ഭാഗങ്ങളായാണ് കിസ്‍വ തയ്യാറാക്കുന്നത്. ഇവ പിന്നീട് തുന്നി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഒന്‍പത് മാസത്തോളം സമയമെടുത്താണ് കിസ്‍വ നിര്‍മിക്കുന്നത്.

മക്കയിലെ കിങ് അബ്ദുല്‍ അസീസ് കോംപ്ലക്സിലെ കിസ്‍വ നിര്‍മ്മാണ കേന്ദ്രത്തിൽ ഇരുനൂറോളം സ്വദേശികൾ ജോലി ചെയ്യുന്നു.16 മീറ്റര്‍ നീളത്തിലുള്ള നെയ്‍ത്ത് യന്ത്രവും ഗുണമേന്മാ പരിശോധനയ്ക്കുള്ള ലാബും ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായ പുതിയ കിസ്‍വ കഴിഞ്ഞയാഴ്ച  മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ കൈമാറിയിരുന്നു.

നാല് ഭാഗങ്ങളും ബന്ധിപ്പിച്ച് പഴയ കിസ്‍വ പതുക്കെ താഴ്ത്തുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് പുതിയ കിസ്‍വ പുതപ്പിക്കും. കിസ്‍വ മാറ്റുന്നതിന് മുന്‍പ് കഅ്ബയുടെ ചുവരുകളും വാതിലും കഴുകി വൃത്തിയാക്കിയിരുന്നു.

അതേസമയം, സൗദി അറേബ്യയിലും ഒമാന്‍ ഒഴികെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഇന്നലെ (ഞായറാഴ്ച) ബലി പെരുന്നാള്‍ ആഘോഷിച്ചു. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം ശനിയാഴ്ചയായിരുന്നു. ഹാജിമാര്‍ അറഫയില്‍ സംഗമിച്ചപ്പോള്‍ വിശ്വാസികള്‍ വ്രതമനുഷ്ഠിച്ചു.

പെരുന്നാള്‍ നമസ്‍കാരത്തിനായി വിശ്വാസികള്‍ പള്ളികളിലും ഈദ് ഗാഹുകളിലും ഒരുമിച്ചുകൂടി. പരസ്‍പരം ആശംസകള്‍ അറിയിച്ച പ്രവാസികൾ നാടിന്റെ വേദനകളാണ് പങ്കു വെച്ചത്. നാടിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ നഹ്‍യാന്‍, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ തുടങ്ങിയവര്‍ വിവിധ മുസ്‍ലിം രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും പെരുന്നാള്‍ ആഘോഷിക്കുന്ന വിശ്വാസികള്‍ക്കും ആശംസകള്‍ അറിയിച്ചു. ഒമാനില്‍ ഇന്നാണ് ബലി പെരുന്നാള്‍.