• 23 Aug 2019
  • 10: 09 PM
Latest News arrow

കേളപ്പേട്ടന്റെ അന്ത്യാഭിലാഷം

കോഴിക്കോട്: സി.പി.ഐ.എം കോഴിക്കോട് ജില്ലാ മുന്‍ സെക്രട്ടറിയും എഴുത്തുകാരനും നാടൻകലാപ്രവർത്തകനുമായിരുന്ന എം. കേളപ്പൻ എന്ന എം.കെ പണിക്കോട്ടി നിര്യാതനായി. 92 വയസ്സായിരുന്നു. 11 വർഷം  സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വം നല്‍കി. സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം  എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. എം.കെ പണിക്കോട്ടി എന്ന പേരിൽ നാടൻ പാട്ടുകളും ഫോക്‌ലോർ സംബന്ധമായ ലേഖനങ്ങളും എഴുതി. നഗരസഭാ മുൻ കൗൺസിലറും മഹിളാ അസ്സോസിയേഷൻ  നേതാവുമായ എം.നാരായണിയാണ് ഭാര്യ. അഞ്ചു മക്കളുണ്ട്.

അതിനിടെ, അന്തരിക്കുന്നതിന് മുൻപ് എം. കേളപ്പൻ എന്ന കേളപ്പേട്ടൻ  സഖാക്കള്‍ക്കും വീട്ടുകാര്‍ക്കുമായി എഴുതിയ കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാവിഷയമാണിപ്പോൾ.

"ഞാന്‍ എവിടെ വച്ച് മരിച്ചാലും വീട്ടില്‍ സംസ്‌കരിക്കണം. ദഹിപ്പിക്കരുത്. മണ്ണില്‍ കുഴിച്ചിട്ടാല്‍ മതി. എന്റെ മൃതശരീരം കത്തുന്ന ദുര്‍മണം എന്തിനാണ് മറ്റുള്ളവരെ കൊണ്ടു ശ്വസിപ്പിക്കുന്നത്"- തന്റെ രാഷ്ട്രീയ ആദര്‍ശം മുറുക്കിപിടിച്ച കേളപ്പേട്ടൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവ്‌ മരണാനന്തര കാര്യങ്ങളെക്കുറിച്ച് എഴുതിയ വാചകങ്ങളാണിത്. 

അലംഘനീയമാക്കേണ്ട ഒരു കുറിപ്പ്

"ഞാന്‍ എവിടെ വച്ച് മരിച്ചാലും വീട്ടില്‍ സംസ്‌കരിക്കണം. ദഹിപ്പിക്കരുത്, മണ്ണില്‍ കുഴിച്ചിട്ടാല്‍ മതി. കുളിപ്പാക്കാതെ സംസ്‌കരിക്കുന്നതാണ് എനിക്ക് എറ്റവും ഇഷ്ടം. ജീവനറ്റ ശരീരം എന്തിന് കുളിപ്പിച്ച് വൃത്തിയാക്കുന്നു.
മുറ്റത്ത് കിടത്തിയാല്‍ വിളക്ക് കത്തിക്കരുത്. ചന്ദനത്തിരി കത്തിക്കാം. അത് ദുര്‍ഗന്ധം ഒഴിവാക്കുമല്ലോ.
ശവമെടുക്കുമ്പോള്‍ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്. കുഴി ചുറ്റരുത്. ദഹിപ്പിക്കരുത് എന്ന് പറയുന്നത്, എന്റെ മൃതശരീരം കത്തുന്ന ദുര്‍മണം എന്തിനാണ് മറ്റുള്ളവരെ കൊണ്ടു ശ്വസിപ്പിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ്.
എന്റെ ആന്തരികാവയവങ്ങളൊക്കെ കുറേശ്ശെ കേടുള്ളത് കൊണ്ട് ആണ് ഞാന്‍ അവയവ ദാനങ്ങള്‍ക്ക് തയ്യാറാകാതിരുന്നത്. കാഴ്ച്ചയില്ലാത്ത കണ്ണുകള്‍പോലും ഫലപ്രദമാവില്ലെന്ന് തോന്നുന്നു.
കുഴിച്ചിട്ട സ്ഥലത്ത് ധാരാളം മാങ്ങയുണ്ടാവുന്ന ഒരു മാവോ അല്ലെങ്കില്‍ നല്ലയിനം നെല്ലിമരമോ നട്ട് വളര്‍ത്തണം. അതില്‍ ഫലങ്ങളുണ്ടായാല്‍ വില്‍ക്കരുത്. കുട്ടുകളും മറ്റും ഭുജിക്കട്ടെ.
ഒരു വിധ മരണാനന്തര ക്രിയകളും ഉണ്ടാവരുത്. നാല്‍പ്പത്തൊന്നും അന്‍പത്തൊന്നും ഒന്നും പാടില്ല. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ഒരു തരിമ്പ് പോലും ഉണ്ടാവരുത്.
സംസ്‌കരിച്ച സ്ഥലത്തോ വീട്ടിലോ സ്തൂപങ്ങളൊന്നും ഉണ്ടാക്കരുത്. ജനങ്ങളുടെ സഹകരണത്തോടെ ഗയിറ്റിന്റെ തെക്കുഭാഗത്ത് കുട്ടികള്‍ക്ക് സമ്മേളിക്കാനും അത്യാവശ്യം മഹിളാസഖാക്കള്‍ക്ക് ഇരുന്ന് സൊള്ളാനും മറ്റും ഒരു ചെറിയ ഹാള്‍ റോഡിന് സമാനമായി നിര്‍മ്മിച്ച്  സ്മാരകമാക്കാം. എന്നോടുള്ള സ്‌നേഹവും ബഹുമാനവും ഒക്കെ കാണിക്കേണ്ടത് ഈ കുറിപ്പ് അന്വര്‍ഥമാക്കിക്കൊണ്ടായിരിക്കണം."

വിനയപൂര്‍വ്വം എം.കെ. പണിക്കോട്ടി എന്ന എം. കേളപ്പൻ.