• 06 Dec 2019
  • 11: 07 AM
Latest News arrow

കോണ്‍ഗ്രസിനെ കരയ്ക്കടുപ്പിക്കാന്‍ വീണ്ടും കപ്പിത്താനായി സോണിയ; ആശ്വാസം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഇട്ടെറിഞ്ഞ് പോയ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത്  സോണിയ ഗാന്ധി. ഇതോടെ നടുക്കടലില്‍ ഒറ്റപ്പെട്ടുപോയ അവസ്ഥയിലായി പോയ പാര്‍ട്ടിയെ കരയ്ക്കടുപ്പിയ്ക്കാന്‍ പുതിയ കപ്പിത്താനെ കിട്ടിയ ആശ്വാസത്തിലായി കോണ്‍ഗ്രസ്. താല്‍ക്കാലികമായാണെങ്കിലും കളത്തിലിറങ്ങിയ സോണിയ, പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉരുണ്ട് കൂടിയ പ്രശ്‌നങ്ങള്‍ക്ക്  പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ അവസ്ഥയില്‍ നെഹ്‌റു കുടുംബത്തിന്റെ പുറത്ത് നിന്ന് ഒരാള്‍ അധ്യക്ഷനായാല്‍ അത് പാര്‍ട്ടിയെ വിവിധ കഷ്ണങ്ങളാക്കി അടര്‍ത്തിമാറ്റുമെന്ന ആശങ്കയുണ്ടായിരുന്നു. അതിനാല്‍ കോണ്‍ഗ്രസിനെ ഐക്യത്തോടെ ഒന്നിച്ചു നിര്‍ത്തണമെങ്കില്‍ സോണിയ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ നേതൃത്വമേറ്റെടുക്കണമെന്ന് പ്രവര്‍ത്തക സമിതി യോഗം ഐക്യകണ്‌ഠേന തീരുമാനമെടുക്കുകയായിരുന്നു. മുതിര്‍ന്ന നേതാക്കളായ ഡോ. മന്‍മോഹന്‍ സിങ്, എകെ ആന്റണി, ഗുലാം നബി ആസാദ് എന്നിവരാണ് സോണിയയുടെ പേര് നിര്‍ദേശിച്ചത്. 

നെഹ്‌റു കുടുംബത്തില്‍ നിന്നുള്ളയാള്‍ തന്റെ പിന്‍ഗാമിയാകേണ്ടെന്നു പറഞ്ഞ രാഹുലിനെ ശാസനാസ്വരത്തില്‍ നിര്‍ബന്ധിക്കേണ്ടി വന്നു. തുടര്‍ന്ന് രാഹുലിനും പാര്‍ട്ടിയ്ക്കുമിടയില്‍ പ്രിയങ്ക ഗാന്ധി മധ്യസ്ഥത വഹിച്ചു. കെസി വേണുഗോപാല്‍, പിസി ചാക്കോ എന്നിവരും അധ്യക്ഷനെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തി. 

മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരെ സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റായി തുടരും. അടുത്ത വര്‍ഷം ആദ്യത്തോടെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തും.

അര്‍ഹതയില്ലാത്തവര്‍ അധ്യക്ഷനായാല്‍ അവര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കില്ലെന്ന് പഞ്ചാബ് പിസിസി പ്രസിഡന്റ് സുനില്‍ ഝക്കര്‍ യോഗത്തില്‍ തുറന്നടിച്ചിരുന്നു. പ്രിയങ്ക ഗാന്ധി, അധ്യക്ഷയാകുന്നതിനെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, ശശി തരൂര്‍ എന്നിവര്‍ പരസ്യമായി അനുകൂലിച്ചിട്ടുണ്ട്. പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാകും. എന്നാല്‍ അധ്യക്ഷയാകാന്‍ താനില്ലെന്ന നിലപാടിലാണ് പ്രിയങ്ക. എങ്കിലും ഒറ്റക്കെട്ടായി സമ്മര്‍ദ്ദം ചെലുത്തിയാല്‍ അവര്‍ മനസ്സ് മാറ്റിയേക്കും എന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം.