നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി

ആലപ്പുഴ: ആലപ്പുഴയിൽ ആഗസ്റ്റ് 10 ന് (നാളെ) നടത്താനിരുന്ന നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മഴക്കെടുതിയും പ്രളയസാധ്യതയും മൂലമാണ് അറുപത്തിയേഴാമത് നെഹ്‌റു ട്രോഫി ജലോത്സവം മാറ്റിവച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ ആയിരുന്നു മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്നത്. സച്ചിനോട് വിവരങ്ങള്‍ ധരിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും വള്ളംകളി മാറ്റിയിരുന്നു.
ചാമ്പ്യൻസ് ബോട്ട് ലീഗും (CBL) ഇതോടൊപ്പം തുടങ്ങുന്നുണ്ടായിരുന്നു. ഇതോടനുബന്ധിച്ച് വഞ്ചിപ്പാട്ട് മത്സരവും സാംസ്കാരിക പരിപാടികളും തയ്യാറാക്കിയിരുന്നു. 30 ലക്ഷം രൂപയുടെ ടിക്കറ്റുകൾ വിറ്റുകഴിഞ്ഞതായി സംഘാടകർ അറിയിച്ചിരുന്നു. നെഹ്‌റുട്രോഫി വള്ളം കളിയുടെ ആവേശം ജനങ്ങളിലെത്തിക്കാനായി 'ആവേശം' എന്ന തീംമ്യൂസിക് ആൽബവും സംഘാടകർ പുറത്തിറക്കിയിരുന്നു.
ആലപ്പുഴ പള്ളുരുത്തി ബോട്ട്ക്ലബ്ബിന്റെ പായിപ്പാടൻ ചുണ്ടനാണ് കഴിഞ്ഞവർഷത്തെ നെഹ്‌റുട്രോഫി ജേതാവ്.